Kozhikode

ജില്ലയിലെ ബസ് റൂട്ടുകള്‍ക്ക് ഇനി ഏകീകൃത നമ്പറിങ്

കോഴിക്കോട്: ജില്ലയിലെ എല്ലാ ബസ്സുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പറിങ്് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടം നടക്കാവ് ക്രോസ് റോഡിലുള്ള ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഹാളില്‍  പഞ്ചായത്ത്-സമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ബസ്സുകള്‍ക്കുള്ള ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് വിതരണവും യാത്രക്കാര്‍ക്കുള്ള യാത്രാസഹായി കാര്‍ഡ് വിതരണവുമാണ് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിലുള്ളത്.

ഇതാണ് ഇന്നലെ ആരംഭിച്ചത്. നിലവില്‍ 99 റൂട്ടുകള്‍ക്കാണ് നമ്പര്‍ നല്‍കിയത്. സിറ്റി ബസ്സുകളില്‍ ചുവപ്പില്‍ വെള്ള നിറത്തോടുള്ള നമ്പറും ജില്ലയ്ക്കകത്തെ ഓടുന്ന ദീര്‍ഘദൂര ബസ്സുകള്‍ക്ക് മഞ്ഞയില്‍ കറുപ്പും നമ്പറാണ് നല്‍കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് പോവുന്ന ബസ്സുകള്‍ക്ക് പച്ചയില്‍ വെള്ള നിറത്തില്‍ നമ്പറും നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡായ പുതിയ ബസ്റ്റാന്‍ഡിലെത്തുന്ന ബസ്സുകള്‍ക്കു ‘’കെ0’’ എന്നും മാനാഞ്ചിറ ബസ് സ്റ്റാന്‍ഡിന് ‘’കെ1, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് ‘കെ.1 പാളയം ബസ് സ്റ്റാന്‍ഡിന് ‘’കെ2’’ എന്നും ബസ്സുകളില്‍ രേഖപ്പെടുത്തും. കോഴിക്കോട്ടേക്ക് ഓടുന്ന ബസ്സുകളില്‍ നമ്പറുകള്‍ ഒന്നിലും രണ്ടിലും തുടങ്ങും. താമരശ്ശേരി ഏഴിലും എട്ടിലും, വടകര അഞ്ചിലും ആറിലും, കൊയിലാണ്ടി മൂന്നിലും നാലിലും ആരംഭിക്കും.

കരിപ്പൂരിലേക്കുള്ള ബസ്സിന് ഏഴ് എന്ന നമ്പറും മെഡിക്കല്‍ കോളജിലേക്കുള്ള ബസ്സിന് 101 എന്ന സ്ഥിരം നമ്പറുമാണ് നല്‍കിയത്. വൃത്താകൃതിയിലുള്ള ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ നല്‍കുന്ന ബസ് നമ്പര്‍ ഏറെ അകലെ നിന്നു പോലും വായിക്കാനാവുന്ന വിധത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. മലയാളി യാത്രക്കാര്‍ക്കു പുറമെ, അനുദിനം വര്‍ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ബോര്‍ഡിലെ സ്ഥലനാമം വായിക്കാതെ എളുപ്പത്തില്‍ ബസ് കണ്ടെത്തി യാത്രചെയ്യാന്‍ ഇതു വഴി കഴിയും.

ഇതിനു പുറമെ ഓരോ ബസ് സ്‌റ്റോപ്പിലും ഏതൊക്കെ നമ്പര്‍ ബസ്സുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതില്‍ നോക്കി കയറേണ്ട ബസ്സിന്റെ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാവും. കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തി റൂട്ടുകള്‍ തിരിച്ച് നമ്പര്‍ നല്‍കിയത്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയില്‍ നടന്നന്ന ചടങ്ങില്‍  കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അസോസിയറ്റ്  പ്രഫസര്‍ ഡോ. യു ഫൈസല്‍, കോഴിക്കോട് ജില്ലാ ബസ് ഓപറേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം കെ സുരേഷ് ബാബു, ആര്‍.ടി.ഒ. കെ പ്രേമാനന്ദന്‍, കെ രാധാകൃഷ്ണന്‍, പി എല്‍ ജോണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it