kasaragod local

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഒന്നരക്കോടി രൂപ സബ്‌സിഡി

കാസര്‍കോട്: വികസന പാക്കേജിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഫാമുകള്‍ യന്ത്രവല്‍കരിക്കാന്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ധനസഹായം നല്‍കുന്നു.
മൂന്ന്‌കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതില്‍ ഒന്നരകോടി രൂപ ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയായി നല്‍കും. ഒരാള്‍ക്ക് 50,000 രൂപ സബ്‌സിഡി നിരക്കിലും 50,000 രൂപ ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടെ ഒരു ലക്ഷം രൂപയാണ് അനുവദിക്കുക.
പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ പഞ്ചായത്ത്, നഗരസഭ മൃഗാശുപത്രികളുമായി ബന്ധപ്പെടണം. പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാര്‍, നഗരസഭ, പഞ്ചായത്തംഗം, ക്ഷീരസംഘം പ്രസിഡന്റുമാര്‍, വെറ്ററിനറി സര്‍ജന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
മൂന്നോ അതിലധികമോ കന്നുകാലികളുള്ള ക്ഷീരകര്‍ഷകരായിരിക്കണം ഗുണഭോക്താക്കള്‍. ജില്ലയിലെ ക്ഷീരകര്‍ഷകരില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതിനാലാണ് 50 ശതമാനം സബ്‌സിഡി നല്‍കുന്നത്.
വൈക്കോലും കന്നുകാലിത്തീറ്റയും മുറിച്ചെടുക്കുന്നതിനുള്ള യന്ത്രം കാലിത്തീറ്റ പാഴാകുന്നത് തടയുന്നതിനും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനും സഹായകമാകും.
ക്ഷീരകാര്‍ഷിക മേഖലയില്‍ തൊഴില്‍ക്ഷാമത്തിന് പരിഹാരം കാണുന്നതിനും ഉല്‍പാദനക്ഷമതയും പാലിന്റെഗുണമേന്മയും വര്‍ധിപ്പിക്കാന്‍ സഹായകമായ രീതിയില്‍ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറക്കാനും ഇതുവഴി സാധിക്കും.
കറവയന്ത്രം, റബര്‍ മാറ്റ്, ഓട്ടോമാറ്റിക് ഡ്രാങ്കര്‍, ഹാന്‍ഡ് ഷവര്‍ വിത്ത് പമ്പ്, വീല്‍ ബാരോ, ഡങ് സ്‌ക്രാപ്പര്‍, ഷാഫ് കട്ടര്‍, മാലിന്യ നിര്‍മാര്‍ജ്ജന യന്ത്രം, ബയോ ഗ്യാസ് പ്ലാന്റ്, സ്ലറി പമ്പ്, പമ്പ് സെറ്റ്, ജലസേചന സംവിധാനം എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ക്രീം സെപറേറ്റര്‍, വെയിങ് മെഷീന്‍, കാലിത്തൊഴുത്ത് നവീകരണം എന്നിവയ്ക്കും തുക വിനിയോഗിക്കാം.
ജില്ലയില്‍ ധാരാളമായി ലഭ്യമാകുന്ന കവുങ്ങിന്‍ പാളകള്‍ പൊടിച്ച് കന്നുകാലികള്‍ക്ക് തീറ്റയാക്കുന്നതിനുള്ള യന്ത്രം വ്യാപിപ്പിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it