Idukki local

ജില്ലയിലെ കെപിഎംഎസ് ഭാരവാഹികളും പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷത്തേക്ക്‌



തൊടുപുഴ: കെപിഎംഎസ് ഇടുക്കി ജില്ലയിലെ പ്രധാന ഭാരവാഹികളും പ്രവര്‍ത്തകരും ഭൂരിപക്ഷം ശാഖാ യൂനിയന്‍ കമ്മിറ്റികളും കെപിഎംഎസ് ന്റെ ഔദ്യോഗിക പക്ഷമായി മാറിയ പുന്നല ശ്രീകുമാര്‍ നേതൃത്വം കൊടുക്കുന്ന കെപിഎംഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികളായ കെ കെ രാജന്‍, ശിവന്‍ കോഴിക്കാമാലി, ജീമോന്‍ പുറ്റമാക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2010ല്‍ കെപിഎംഎസില്‍ ഉണ്ടായ പിളര്‍പ്പിന്റെ ഭാഗമായി കോടതികളുടെ ചില നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി ജില്ലയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും ടി വി  ബാബു പക്ഷത്ത് നില ഉറപ്പിച്ചത്. എന്നാല്‍, 2010 മുതല്‍ 17 വരെ ഏഴുവര്‍ഷമായി നടന്ന ഛട. 685/10 എന്ന കേസ് തിരുവനന്തപുരം വഞ്ചിയൂര്‍ മുനിസിപ്പല്‍ കോടതിയില്‍ 2017 ജൂലൈ 4ന് പുന്നല ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന കെപിഎംഎസ് ആണ് ഔദ്യോഗിക വിഭാഗമെന്ന് കോടതി അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂരിപക്ഷം ശാഖാ യൂനിയന്‍ കമ്മിറ്റികളും മഹിളാ യുവജന ഘടകങ്ങളും ഒന്നടങ്കം ഔദ്യോഗിക വിഭാഗത്തിലേക്ക് മാറുവാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു. ടി വി ബാബു വിഭാഗം കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിച്ചില്ല. എതിര്‍ത്ത ഭാരവാഹികളെ പുറത്താക്കിയും നടപടിയെടുത്ത് മാറ്റി നിര്‍ത്തുകയുമാണ് ചെയ്തുപോന്നത്. സഭയിലെ ചില നേതാക്കളുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമാണ് ബിജെപി, ബിഡിജെഎസ് പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ചത്. ഇതുമൂലം സഭയ്‌ക്കോ സമുദായത്തിനോ ഒരു നേട്ടവും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിയും കേന്ദ്ര സര്‍ക്കാരും നല്‍കിയ  വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ സമുദായത്തെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തത്. 4.5 കോടി രൂപ തിരുവനന്തപുരം വെങ്ങാനൂരില്‍ അയ്യങ്കാളി സ്മൃതിമണ്ഡപത്തിനായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെ ഫണ്ട് നല്‍കാന്‍ തയ്യാറായില്ല. ഇടുക്കി ജില്ലയിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ 1ന് അടിമാലി ടൗണ്‍ ഹാളില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലയനസമ്മേളനം നടക്കും. സമ്മേളനം കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രവി കണ്‍ട്രാമറ്റം, റെജി ചിറകണ്ടം, കെപിവൈഎം ജില്ലാ പ്രസിഡന്റ് പി റ്റി സുജി, സെക്രട്ടറി രാഹുല്‍ ദ്രാവിഡ്, അനില്‍ തങ്കച്ചന്‍, കെപിഎംഎഫ് ജില്ലാ സെക്രട്ടറി ഓമന ഷാജി, കെ എം മഹേഷ്, പി കെ കൃഷ്ണന്‍കുട്ടി, സി എസ് അരുണ്‍, റ്റി കെ സുരേഷ്, കെ പി ദീപു പങ്കെടുത്തു.
Next Story

RELATED STORIES

Share it