wayanad local

ജില്ലയിലെ ഏറ്റവും വലിയ നോമ്പുതുറയ്ക്ക് വേദിയായി കല്‍പ്പറ്റ വലിയപള്ളി

കല്‍പ്പറ്റ: ജില്ലയില്‍ ഏറ്റവുമധികം വിശ്വാസികളെ നോമ്പുതുറപ്പിക്കുന്നതിന്റെ ആത്മനിര്‍വൃതിയിലാണ് കല്‍പ്പറ്റ വലിയ പള്ളിയിലെ നോമ്പുതുറ കൂട്ടായ്മ. ഓരോ ദിവസവും ഇവിടെ നോമ്പുതുറക്കാനെത്തുന്നത് ആയിരത്തോളം പേരാണ്. ഇവര്‍ക്കായി ബിരിയാണിയും പത്തിരിയും കറിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. കല്‍പ്പറ്റ നുസ്രത്തുദ്ദീന്‍ മുസ്‌ലിം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നേമ്പുതുറ കൂട്ടായ്മയില്‍ വ്യാപാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുണ്ട്.
ജോലിയില്‍ നിന്ന് അവധിയെടുത്തും ഒഴിവുസമയം കണ്ടെത്തിയുമാണ് കൂടുതലും യുവാക്കളടങ്ങിയ സംഘം കാരുണ്യപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്. 2004 മുതല്‍ ഇവിടെ നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്.
നേരത്തെ, ചായ, തരിപ്പായസം, പഴങ്ങള്‍, ചെറുകടികള്‍ എന്നിവയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷമായി ഇവയ്‌ക്കൊപ്പം ബിരിയാണി, പത്തിരി-കറി എന്നിവയും നല്‍കുന്നു. 45,000 രൂപയാണ് ഒരു ദിവസത്തെ ചെലവ്.
വിശേഷ ദിവസങ്ങളില്‍ ചെലവ് ഇരട്ടിയാവും. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് ഓരോ ദിവസത്തെയും നോമ്പുതുറ സ്‌പോണ്‍സര്‍ ചെയ്യുന്നത്. നോമ്പുകാലത്ത് ടൗണിലെത്തിപ്പെടുന്ന യാത്രക്കാര്‍ക്കാണ് ഇതേറെ ആശ്വാസമാാവുന്നത്.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ടാക്‌സി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും നോമ്പുതുറ അനുഗ്രഹമാണ്. ആയിരത്തോളം പേര്‍ ദിനംപ്രതി എത്തിയിട്ടും ഹരിതചട്ടം പ്രാട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ആരോഗ്യത്തിന് ഹാനികരമായോക്കാവുന്ന വിഭവങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കാറുണ്ടെന്നു കൂട്ടായ്മയിലെ അംഗം ഹര്‍ഷല്‍ പറഞ്ഞു. പത്തുലക്ഷത്തോളം രൂപയാണ് വര്‍ഷത്തില്‍ ചെലവ്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
Next Story

RELATED STORIES

Share it