Pathanamthitta local

ജില്ലയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക്



പത്തനംതിട്ട: പകര്‍ച്ചപ്പനിയുടെ ഭീതിക്കിടെ ജില്ലയില്‍ മന്തുരോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇക്കൊല്ലം ഇതുവരെ 92 പേരില്‍ മന്തുരോഗമുള്ളതായി ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പരിശോധനകളില്‍ കണ്ടെത്തിയതാണിത്. കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്ത മന്ത് രോഗം മടങ്ങി വരുന്നതിന്റെ സൂചനകള്‍ ഏതാനു വര്‍ഷങ്ങളായുണ്ടായിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി മന്തുരോഗ വ്യാപനം കൂടിയ തോതിലാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലാണ് മന്തുരോഗം കണ്ടെത്തിയത്. ഇതു പുറത്തേക്കു കൂടി വ്യാപിക്കാനുള്ള സാധ്യത ഏറെയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലാ പകര്‍ച്ചവ്യാധി നിയന്ത്രണ  യൂനിറ്റ് രാത്രിയിലാണ് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ രക്തപരിശോധന നടത്തിയത്. ഇത്തരം ക്യാമ്പുകള്‍ കഴിഞ്ഞവര്‍ഷം നേരത്തെ ആരംഭിച്ചിരുന്നു. ഇത്തവണ ക്യാംപുകളിലേക്ക് വൈകിയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളോടു ചേര്‍ന്ന് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരാനുള്ള സാധ്യത കൂടുതലായുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കൊതുകുകളുടെ വ്യാപനം കൂടുതലായി ഇത്തരം ക്യാംപുകളോടു ചേര്‍ന്നു കണ്ടുവരുന്നു. മന്തിന്റെ രോഗാണുക്കള്‍ രാത്രിയിലെ പരിശോധനയിലാണ് രക്തത്തില്‍                കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞവര്‍ഷം 57 പേരിലാണ് മന്തുരോഗം ഇക്കാലയളവില്‍ സ്ഥിരീകരിച്ചത്. ഇവരിലധികവും ഇതരസംസ്ഥാനക്കാരായിരുന്നു. ഇത്തവണ രോഗവ്യാപനം കൂടുതലാണ്. ഡെങ്കി ഉള്‍പ്പെടെ കൊതുകുജന്യ രോഗങ്ങള്‍ ഇതരസംസ്ഥാന ക്യാംുുകള്‍ കേന്ദ്രീകരിച്ചുണ്ടാവുന്നുണ്ട്. മന്ത് കൊതുകു ജന്യ രോഗമായതിനാല്‍  നാട്ടുകാര്‍ക്കും  ഇതു പടരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍  ഡോ. സോഫിയാ ബാനു പറഞ്ഞു. മറ്റു ജില്ലകളില്‍ ശരാശരി 40  പേര്‍ക്കാണ് ആറുമാസത്തിനിടെ മന്ത് കണ്ടെത്തിയതെന്നതിനാല്‍ പത്തനംതിട്ടയിലെ രോഗവ്യാപനം ആരോഗ്യവകുപ്പ് അധികൃതരും ആശങ്കയോടെയാണ് കാണുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടയ്ക്കിടെ സ്ഥലം മാറുന്നതും തിരിച്ചറിയല്‍ രേഖയോ ആരോഗ്യ കാര്‍ഡോ ഇല്ലാത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ജില്ലാതലത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തിലും ഈയാഴ്ച കുറവുണ്ടായിട്ടില്ല. ശരാശരി 801 പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിദിനം പനിക്കു ചികില്‍സ തേടിയിരുന്നു.
Next Story

RELATED STORIES

Share it