palakkad local

ജില്ലയിലെ അണക്കെട്ടുകളില്‍ നിന്ന് മണലെടുപ്പിന് വഴിയൊരുങ്ങുന്നു

മലമ്പുഴ: അണക്കെട്ടുകളില്‍നിന്നുള്ള മണല്‍ വാരല്‍ വീണ്ടും സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നതോടെ മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകളില്‍നിന്ന് ഇനിയും മണലെടുപ്പിന് വഴിയൊരുങ്ങും. 2010ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് പദ്ധതി നടപ്പാക്കിയത്.
അണക്കെട്ടുകളുടെ ജലസംഭരണശേഷി കൂട്ടുന്നതിനൊപ്പം മണല്‍ വില്‍പനയിലൂടെ 15,000 കോടി വരെ സര്‍ക്കാരിന് വരുമാനമുണ്ടാക്കാമെന്നും അന്ന് കണക്കാക്കിയിരുന്നു. തൃശ്ശൂരിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ പഠനറിപോര്‍ട്ട് പ്രകാരം മലമ്പുഴയില്‍ മാത്രം 800 കോടിയുടെ മണല്‍ നിക്ഷേപമാണുണ്ടായിരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മലമ്പുഴ ഡാമില്‍നിന്ന് 300 കോടിയുടെ മണലെടുക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി ഡാമിനോട് ചേര്‍ന്നുള്ള റോഡിന്റെ ബലപ്പെടുത്തലിനായി 33 കോടി രൂപയും അനുവദിച്ചു.
ഡാമിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കെംഡെല്ലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പാലക്കാട്, കഞ്ചിക്കോട് മേഖലകളിലെ യാര്‍ഡുകളില്‍ ശേഖരിച്ചിട്ട മണല്‍ മിതമായ നിരക്കില്‍ ആദ്യം പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തണമെന്നായിരുന്നു നിയമം. ബാക്കി വരുന്നത് കരാറുകാര്‍ക്ക് നല്‍കാം. 25000 ക്യുബിക് മീറ്റര്‍ മണല്‍ പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കായി മാറ്റിവെച്ച് കുറഞ്ഞ നിരക്കില്‍ വില്‍പ്പന നടത്താനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, നിബന്ധനകള്‍ പാലിക്കാതെയുള്ള മണലെടുപ്പും കോരിക്കൂട്ടിയ മണലിന്റെ അളവ് സംബന്ധിച്ച വിവാദവും പദ്ധതിയെ തകിടം മറിച്ചു.
കെംഡെല്ലിന്റെ കണക്കുപ്രകാരം 2010ല്‍ മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ ഡാമുകളില്‍നിന്ന് ശേഖരിക്കാനായത് 2,78,950 ക്യുബിക് മീറ്റര്‍ മണല്‍ മാത്രമാണ്. മലമ്പുഴ ഡാമില്‍നിന്ന് 1,69,950 ക്യുബിക് മീറ്ററും വാളയാറില്‍നിന്ന് 79,000 ക്യുബിക് മീറ്ററും ചുള്ളിയാറില്‍നിന്ന് 30,000 ക്യുബിക് മീറ്ററും.
226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുണ്ട് മലമ്പുഴ അണക്കെട്ടിന്. എന്നാല്‍, മണലും ചെളിയും അടിഞ്ഞുകൂടി ഡാമിന്റെ ശേഷി കുറഞ്ഞുവരികയാണ്. ഇതോടെ ജനങ്ങള്‍ക്ക് കുടിക്കാനും കൃഷി ചെയ്യാനും വെള്ളമെത്തിക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്.
Next Story

RELATED STORIES

Share it