thrissur local

ജില്ലയിലെങ്ങും വായനപക്ഷാചരണം; നമ്മുടേത് സമ്പന്നമായ വായന സംസ്‌കാരം: ജില്ലാ കലക്ടര്‍

തൃശൂര്‍: കേരളത്തിന്റേത് സമ്പന്നമായ വായനാ സംസ്‌കാരമാണെന്നും ഇത് വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും ജില്ലാ കലക്ടര്‍ ടി വി അനുപമ. ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍,  വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍, സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തിയ ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
1950-60 കാലഘട്ടങ്ങളില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ചൊരു വായനാസംസ്‌കാരം നിലനിന്നിരുന്നു. വായനയിലൂടെ നമുക്ക് കൈവന്നത് ആശയങ്ങളെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ്. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തിനെത്താനായി.
എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് സമൂഹം വായനയെ എത്രത്തോളം ആഗിരണം ചെയ്തുവെന്നത് പ്രസക്തമാണ്. വായന മരിക്കുന്നുവെന്നു പറയുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം അതിനെ നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നുവെന്നത് ഏറെ ആശാവഹമാണ്. ജനകീയവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന് വായന ഉപകരിച്ചുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളസ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായ ടി.കെ. വാസു പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലയിലെ 12 സബ്ജില്ലകളിലെ സ്‌കൂളുകളിലും വായനാപക്ഷാചരണത്തിനു തുടക്കമായി. വിവിധ വായനശാലകളില്‍ വനിതകള്‍ക്കു വേണ്ടി വായനാമത്സരം സംഘടിപ്പിച്ചു. പഞ്ചായത്തു ലൈബ്രറികളില്‍ പി. എന്‍.പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ന് ജില്ലയിലെ യു പി സ്‌കൂളുകളിലെ 82 കേന്ദ്രങ്ങളില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുപെട്ടി സ്ഥാപിക്കും.
മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്തല വായനാ പക്ഷാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ചിറ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ രാജേഷ് അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി സ്മിത ലെനീഷ് വിശിഷ്ടാതിഥിയായിരുന്നു. മുന്‍ പ്രധാനാധ്യാപകന്‍ ടി എ ശശികുമാര്‍, വായനശാല സെക്രട്ടറി ദേവരാജന്‍, പി ടി എ പ്രസിഡന്റ് ബിജു അഞ്ചേരി, അധ്യാപിക സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
രമാദേവി വല്ലത്ത്, എ ജെ ശ്രേയ എന്നിവര്‍ പുസ്തകപരിചയം നടത്തി. ഗ്രീഷ്മ,ഗൗരി എന്നിവര്‍ കവിതാലാപനം നടത്തി. മൊഴി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. തെക്കന്‍ താണിശേരി സെന്റ് സേവിയേഴ്‌സ് എല്‍ പി സ്‌കൂളില്‍ എന്റെ പുസ്തകം, എന്റെ വായന, എന്റെ പെട്ടി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഓരോ മാസവും ഏറ്റവും നല്ല വായനാക്കുറിപ്പ് എഴുതുന്ന കുട്ടികള്‍ക്ക് കുഴൂര്‍ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ നിശ്ചിത തുക സമ്മാനമായി നല്‍കുന്ന പദ്ധതിയാണ് വായനാപ്പെട്ടി പദ്ധതി. വായനാ പക്ഷാചരണം പ്രശസ്ത കലാകാരന്‍ ദിലീപ് മാള ഉദ്ഘാടനം ചെയ്തു. ഫാ. ചാള്‍സ് ചിറ്റാട്ടുകാരന്‍ അധ്യക്ഷത വഹിച്ചു. അന്നമനട ബാബുരാജ് വായനാദിന സന്ദേശം നല്‍കി. പോളി ആന്റണി വായനാപ്പെട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ പി യു വിത്സന്‍, പി ഡി മെല്‍ഡ, ജോഫിയ ജോസഫ്, ജിസ്മി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു. അമ്മ വായനയും നടന്നു.
കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വായനാ പക്ഷാചരണവും  പഞ്ചായത്ത്തലഉദ്ഘാടനവും എഴുത്തുപെട്ടി’യുടെ ഉദ്ഘാടനവും സംസ്‌കൃതപണ്ഡിതന്‍ പ്രൊഫ. ആര്‍ എസ് പൊതുവാള്‍ നിര്‍വ്വഹിച്ചു. ഉള്ളിലെ അന്ധകാരത്തെ മാറ്റി വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയില്‍ സംസ്‌കരിക്കപ്പെട്ട മനസ്സിനുമാത്രമെ കഴിയൂ എന്നദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ ഡി പോള്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ സദാനന്ദന്‍, ഗ്രാമപഞ്ചായത്തംഗം സില്‍വി സേവ്യര്‍, കെ പി പോള്‍സര്‍, ഐ ബാലഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാള: ഹോളിഗ്രേസ് അക്കാദമി സി ബി എസ് സി സ്‌കൂളില്‍ വായനാ ദിനാചരണം എഴുത്തുകാരിയും സാമൂഹ്യ വിമര്‍ശകയുമായ ദീപ നിഷാന്ത് ഉദ്ഘാടനം ചെയ്തു. റീഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോസ് കണ്ണംപിള്ളി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ മാഗസിന്‍ മൊഴിയുടെ പ്രകാശനം ദീപ നിഷാന്ത് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് ജോസഫ് ആലുങ്കല്‍, വൈസ് പ്രിന്‍സിപ്പാള്‍ സുമ ചന്ദ്രന്‍, റീഡേഴ്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ആശ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കരൂപ്പടന്ന: ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തിലെ വായനാ വാരാഘോഷം  സിനിമാ നിരൂപനും എഴുത്തുകാരനുമായ ഐ.വി ഷണ്‍മുഖദാസ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ലൈബ്രറിയിലേയ്ക്ക് വേണ്ടി ശേഖരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലേയ്ക്ക് അദ്ദേഹം കൈമാറി.
സിനിമയും വായനയും എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ്  ഷൈല സഹീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് വി.പി.ശ്രീജിത്ത്,  എം.എ.നവാസ്, ശ്രീലേഖ, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ എ.വി.സജികുമാര്‍,  വിദ്യാര്‍ത്ഥി പ്രതിനിധി അഭിനവ് എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി: മാധവിക്കുട്ടിയുടെ കഥകള്‍ വളരെക്കാലം മുന്‍പ് വായിച്ചപ്പോള്‍ സ്ത്രീയുടെ പേരില്‍ പുരുഷന്‍ എഴുതുന്നതെന്ന സംശയം തുറന്നു പറഞ്ഞ് കഥ മുത്തശ്ശി സുമംഗല . വായന ദിനത്തില്‍ വടക്കാഞ്ചേരി  കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയിലെ വനിത വിഭാഗം സംഘടിപ്പിച്ച മാധവിക്കുട്ടിയുടെ കഥാലോകത്തെക്കുറിച്ച് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാലപ്പാട്ട് കമല എന്ന പേരില്‍ എഴുതിയ കവിത വായിച്ചതിനു ശേഷമാണ് ധാരണപിശക് മാറിയത്. ലൈബ്രറി പ്രസിഡന്റ് വി.മുരളി സമംഗലയില്‍ നിന്ന് പുസ്തകഭിക്ഷ സ്വീകരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് ഷീല വേണുഗോപാല്‍ അദ്ധ്യക്ഷയായി.പി.ഭാഗ്യലക്ഷ്മി അമ്മ, ശാലിനി ദാസന്‍, ഹിമ, വിജയം കൈമള്‍ തടങ്ങിയവര്‍ പ്രസംഗിച്ചു.
കേച്ചേരി: അല്‍-അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനപക്ഷാചരണം സാഹിത്യ നിരൂപകന്‍ പാങ്ങില്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, ഹെഡ് മാസ്റ്റര്‍ ലത്തീഫ് കെ, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീന്‍ കെ എം, മാതൃസംഘം പ്രസിഡന്റ് അന്നാസ് സൈമണ്‍, അധ്യാപകരായ രാഹുല്‍ ബാബു, ലിന്റോ വടക്കന്‍, പ്രിയ ജോസ്, ഗിര്‌റ അലക്‌സ് സംസാരിച്ചു.
വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എന്‍എസ്എസ് ഒരുക്കിയ വായനാമരം അക്ഷരപ്പെട്ടി നല്‍കി കൊണ്ട് പ്രവര്‍ത്തനമാരംഭിച്ചു.
Next Story

RELATED STORIES

Share it