kannur local

ജില്ലയിലും എലിപ്പനി; ജനം ഭീതിയില്‍

കണ്ണൂര്‍: മഴക്കെടുതിക്ക് പിന്നാലെ ജില്ലാ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ആറുപേര്‍ക്ക് എലിപ്പനി സംശയിക്കുന്നു. ഇവരില്‍ ഒരാള്‍ മരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കണ്ണൂര്‍ ആറ്റടപ്പ സ്വദേശി പ്രകാശന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കനത്ത നാശമുണ്ടായ കൊട്ടിയൂരിലും ചിറ്റാരിപ്പറമ്പ്, എളയാവൂര്‍ ഇരിവേരി, ചിറക്കല്‍ എന്നിവിടങ്ങളിലുമാണ് എലിപ്പനിയെന്ന് സംശയിക്കുന്ന മറ്റ് അഞ്ചു കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. കേളകം, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രണ്ടു കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 1142 പേര്‍ ചികില്‍സ തേടി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികയായ 200 എംജി ഡോക്സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും ക്യാംപുകളിലും പ്രതിരോധ ഗുളികകള്‍ നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധപ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ഡിഎംഒ നാരായണ നായിക് അറിയിച്ചു. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ഉള്‍പ്പെടെയുള്ളവ ധരിക്കണം. പ്രളയബാധിത മേഖലയില്‍ താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീരവേദന എന്നിവ അനുഭവപ്പെട്ടാലുടന്‍ ചികില്‍സ തേടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it