thiruvananthapuram local

ജില്ലക്ക് 81.91 ശതമാനം വിജയം; 1275 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തലസ്ഥാന ജില്ലക്ക് 81.91 ശതമാനം വിജയം. ജില്ലയില്‍ 1275 വിദ്യാര്‍ഥികള്‍  ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 175 സ്‌കൂളുകളില്‍ നിന്നായി 32,852 വിദ്യാര്‍ഥികളാണ് പരിക്ഷക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരീക്ഷ എഴുതിയ 32,570 വിദ്യാര്‍ത്ഥികളില്‍ 26,677 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി.
ജില്ലയിലെ എട്ട് സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.  ജഗതി ഗവ. ബധിര വിദ്യാലയം, കട്ടേല ഡോ. എഎംഎംആര്‍എച്ച്എസ്എസ്, ക്രൈസ്റ്റ് നഗര്‍ ഇഎഎച്ച്എസ്എസ്, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസ്എസ്, സര്‍വോദയ വിദ്യാലയം എച്ച്എസ്എസ് നാലാഞ്ചിറ, കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസ് വഴുതക്കാട്, ചിന്മയ എച്ച്എസ്എസ് വഴുതക്കാട്, ഗവ. വിഎച്ച്എസ്എസ് പാറശ്ശാലഎന്നീ സ്‌കൂളുകളാണ് നൂറ്  ശതമാനം വിജയം നേടിയത്. പ്ലസ് ടു വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.33 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 83.24 ശതമാനമായിരുന്നു വിജയം. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1235 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.
40 വിദ്യാര്‍ഥികളുടെ വര്‍ധന ഇക്കുറിയുണ്ടായി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്നിലുമായി 82.18 ആണ് ജില്ലയുടെ വിജയശതമാനം. ഈ വിഭാഗത്തില്‍ 3166 പേര്‍ പരീക്ഷ എഴുതിയവരില്‍ 2600 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും 90.37 ശതമാനം പേര്‍ ട്രേഡ് സര്‍ടിഫിക്കറ്റിന് അര്‍ഹരായി. 2861 ആണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുടെ എണ്ണം.ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 33.91 ആണ് വിജയശതമാനം. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ആര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടില്ല. 39 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 3792 പേര്‍ പരീക്ഷ എഴുതിയതില്‍ 1319 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം-34.78. രണ്ടു പേര്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് നേടി.എയ്ഡഡ് വിദ്യാലയങ്ങളില്‍— ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയ സ്‌കൂള്‍ എന്ന നേട്ടം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കി. 94.60 ശതമാനം വിദ്യാര്‍ഥികളെ സെന്റ് മേരീസ് സ്‌കൂള്‍ ഉന്നത പഠനത്തിന് യോഗ്യരാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ വിദ്യാലയവും പട്ടം സെന്റ് മേരീസാണ്, 834 പേരാണ് പരീക്ഷയെഴുതിയത്.
Next Story

RELATED STORIES

Share it