ജില്ലകളുടെ അഭിപ്രായം മാനിക്കണം: സിപിഐ നിര്‍വാഹകസമിതി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ അന്തിമ തീരുമാനമായില്ല. ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. രണ്ടുതവണ മല്‍സരിച്ചവര്‍ വീണ്ടും മല്‍സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സിലുകളുടെ അഭിപ്രായം മാനിക്കണമെന്നാണ് നിര്‍വാഹക സമിതി യോഗത്തിലുണ്ടായ പൊതുധാരണ. ഇതേത്തുടര്‍ന്ന്, തിരുവനന്തപുരം, തൃശൂര്‍ ജില്ലാ കൗണ്‍സില്‍ നല്‍കിയ പട്ടികയിലുള്ളവര്‍ക്ക് ഇളവു നല്‍കുന്നതില്‍ അഭിപ്രായ ഭിന്നതയുണ്ടായി. കൊല്ലം ജില്ലാ കൗണ്‍സില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കിയ സി ദിവാകരനെ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്തിമതീരുമാനം സംസ്ഥാന കൗണ്‍സിലിന് വിട്ടു. ഇന്നുരാവിലെ 11.30ന് എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന കൗണ്‍സില്‍ ചേരും. ഇതിനു മുന്നോടിയായി സംസ്ഥാന നിര്‍വാഹകസമിതി വീണ്ടും ചേരും. ദിവാകരനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സിപിഐ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണു വിവരം. എന്നാല്‍, ദിവാകരന്റെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു ശക്തമായ എതിര്‍പ്പുണ്ടെന്നും സൂചനയുണ്ട്. 29 സീറ്റുകള്‍ ആവശ്യപ്പെട്ട സിപിഐയ്ക്കു നിലവിലുള്ള 27 സീറ്റുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന സാഹചര്യം സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞതവണ മല്‍സരിച്ച സീറ്റുകളും അതേ മണ്ഡലങ്ങളും നിലനിര്‍ത്താനായത് നേതൃത്വത്തിന്റെ നേട്ടമായാണു ഭൂരിപക്ഷം നേതാക്കളും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അഭിപ്രായപ്പെട്ടത്. വി എസ് സുനില്‍കുമാര്‍ (കയ്പമംഗലം), ഇ എസ് ബിജിമോള്‍ (പീരുമേട്), മുല്ലക്കര രത്‌നാകരന്‍(ചടയമംഗലം), പി തിലോത്തമന്‍(ചേര്‍ത്തല), കെ രാജു(പുനലൂര്‍) എന്നിവര്‍ക്ക് ഇളവുനല്‍കാന്‍ അതതു ജില്ലാ ഘടകങ്ങള്‍ തീരുമാനിച്ചിരുന്നു. കരുനാഗപള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിറ്റിങ് എംഎല്‍എ ആയ സി ദിവാകരനെ ഒഴിവാക്കിയതിനെ തുടര്‍ന്ന്് നെടുമങ്ങാട് മണ്ഡലത്തില്‍ ദിവാകരനെ മല്‍സരിപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വൈക്കത്ത് കെ അജിത്തിനെ ജില്ലാനേതൃത്വം തഴഞ്ഞിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പക്ഷം പിടിക്കാതെ നിന്നതാണ് അജിത്തിനു വിനയായത്. അജിത്തിന് വീണ്ടും അവസരം നല്‍കേണ്ടെന്ന് ജില്ലാനേതൃത്വം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it