Kollam Local

ജിയോയ്ക്ക് ഒപ്റ്റിക്കല്‍ കേബിളിന് അനുമതി : കോര്‍പറേഷന് 1.78 കോടിയുടെ നഷ്ടം



സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് നഗരത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കൊല്ലം കോര്‍പറേഷന്‍ 1.78 കോടി രൂപയുടെ നഷ്ടം. 2014-15 കാലയളവില്‍ നല്‍കിയ അനുമതിയിലാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. റോഡുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതിലും യൂസര്‍ ഫീ നിശ്ചയിക്കുന്നതിലും സ്റ്റേറേഷന്‍ ചാര്‍ജ് ഈടാക്കിയതിലുമാണ് ഇത്രയും തുക കോര്‍പറേഷന് നഷ്ടമുണ്ടായിരിക്കുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന പ്രതാപനില്‍ നിന്നും കോര്‍പറേഷന്‍ വിശദീകരണം തേടി. ധനകാര്യ സ്ഥിരം കമ്മിറ്റിക്ക് മുമ്പാകെ ഇദ്ദേഹം സമര്‍പ്പിച്ച വിശദീകരണം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപാര്‍ട്ട്‌മെന്റിന് കൈമാറുന്ന കാര്യം ഇന്ന് ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഒഴികെ റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ ഈടാക്കുന്ന സേവന നികുതിയിലെ അജ്ഞതയാണ് നഷ്ടത്തിന് കാരണമെന്നും ഈ തുക റിലയന്‍സ് ജിയോ ഇന്‍ഫോകോമില്‍ നിന്നും ഈടാക്കാനുമുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍.അതേസമയം, മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരേ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പുതിയ പദ്ധതിയുമായി ജിയോ രംഗത്തെത്തി. ഹൈമാസ്റ്റ് ലൈറ്റിനൊപ്പം ടെലികോം ആന്റിനകള്‍ സ്ഥാപിക്കുന്ന പദ്ധതിയുമായാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം കോര്‍പറേഷനെ സമീപിച്ചിട്ടുള്ളത്. ഇതിനായി കൊല്ലം നഗരത്തില്‍ 20 സ്ഥലങ്ങള്‍ കമ്പനി തന്നെ കണ്ടെത്തിയിട്ടുണ്ട്. ബാക്കി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ കമ്പനിക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ അവിടേയും ടെലികോം ആന്റിന ഉള്‍പ്പെടുത്തിയുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ജിയോയുടെ അപേക്ഷ പരിഗണിച്ച ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഒരു ടവറിന് പ്രതിമാസം 20,000 രൂപ വാടക ഈടാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. കൂടാതെ ഒരു ടവറിന് ഒരു ലക്ഷം രൂപ വീതം ഡിപോസിറ്റ് ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഉയര്‍ന്ന വൈദ്യുത ഉപഭോഗവും പരിപാലന ചെലവും മൂലം ഇനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടെന്ന കോര്‍പറേഷന്റെ പൊതു അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പദ്ധതിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. ഇന്നത്തെ കൗണ്‍സിലില്‍ 13ാമത്തെ അജണ്ടയായി വിഷയം ചര്‍ച്ചയ്‌ക്കെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it