ജിബൂത്തിയില്‍ ഗ്വല്ലെ നാലാം തവണയും അധികാരത്തിലേക്ക്

ജിബൂത്തി: ജിബൂത്തിയില്‍ നാലാംതവണയും ഇസ്മാഈല്‍ ഒമര്‍ ഗ്വല്ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഗ്വല്ലെയുടെ യുഎംപി പാര്‍ട്ടിക്ക് 87 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നാലാംതവണയും ഗ്വല്ലെ അധികാരത്തിലേറിയതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷപ്പാര്‍ട്ടികളും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. 1999 മുതല്‍ ജിബൂത്തി ഭരിക്കുന്നത് ഗ്വല്ലെയാണ്. അഞ്ചു പ്രതിപക്ഷപാര്‍ട്ടികളുള്ള രാജ്യത്ത് മൂന്നു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഗ്വല്ലെയുടെ ഭരണകാലത്ത് പോലിസും മാധ്യമങ്ങളും നരനായാട്ട് നടത്തുകയാണെന്നും നാലാംതവണയും വിജയിച്ചതിനു പിന്നില്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നായ 1,80,000 പേര്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്നുള്ളൂ.
Next Story

RELATED STORIES

Share it