ജിന്നാ നഹീ, ഗന്നാ ചലേഗാ

കൈരാന: ജിന്നാ നഹീ, ഗന്നാ (കരിമ്പ്) ചലേഗാ- കൈരാനയിലെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമാണിത്. അലീഗഡ് യൂനിവേഴ്‌സിറ്റിയില്‍ മുഹമ്മദലി ജിന്നയുടെ പടം വയ്ക്കണോ എന്നത് ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നമാണ്? ഇന്ന് കരിമ്പിന് വില കിട്ടുകയെന്നതാണ് ഞങ്ങളുടെ പ്രശ്‌നം- ജാട്ട് കരിമ്പ്് കര്‍ഷകന്റെ വാക്കുകളില്‍ ജനവികാരം വ്യക്തം.
മുസ്‌ലിം വോട്ടു മാത്രമല്ല ഭരണകക്ഷിയായ ബിജെപി കൈരാനയില്‍ കരിമ്പ് കര്‍ഷകരുടെ രോഷം കാരണം ജാട്ട് വോട്ടുകളെക്കുറിച്ചും അങ്കലാപ്പിലാണ്. പഞ്ചസാര മില്ലുടമകളില്‍ നിന്നു പണം ലഭിക്കാതെ ദുരിതം നേരിടുന്ന കര്‍ഷകര്‍ ക്ഷമയറ്റിരിക്കുന്നു. ആറ് പഞ്ചസാര മില്ലുകളാണ് കൈരാന മണ്ഡലത്തിലുള്ളത്. 2017-18 സീസണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് 315-325 പ്രകാരം മെയ് 18 വരെ മൊത്തം 1778.49 കോടി രൂപയുടെ കരിമ്പാണ് ആറ് മില്ലുകളും കൂടി വാങ്ങിയത്. വ്യവസ്ഥയനുസരിച്ച് 14 ദിവസത്തിനകം 1695.25 കോടി രൂപ കൊടുക്കണം. ഇന്നേവരെ വിതരണം ചെയ്തത് 888.03 കോടി രൂപയാണ്. അഥവാ ഒരു മണ്ഡലത്തില്‍ മാത്രം 807.22 കോടി രൂപ കുടിശ്ശിക.
ശാംലിയില്‍ മാത്രം 190.33 കോടി രൂപ നല്‍കാനുണ്ട്. മറ്റ് അഞ്ച് മില്ലുകളിലെ കുടിശ്ശിക ഇങ്ങിനെ: ഉന്‍ (182.84), താന ഭവന്‍ (182.8), നനൗത (115.66), ശെര്‍മൗ (80.79), സര്‍സാവ (54.79) കോടി രൂപ.കരിമ്പിന്റെ മുഴുവന്‍ തുകയും 14 ദിവസത്തിനകം തരാമെന്നാണ് ബിജെപിയുടെ പ്രകടനപത്രികയിലുള്ളത്.
താന ഭവനിലെ നിയമസഭാ പ്രതിനിധി സുരേഷ് റാണ തന്നെയാണ് കരിമ്പ് വികസന മന്ത്രി. എന്നിട്ടും ഡിസംബര്‍ 31നു ശേഷം പണം കൊടുത്തില്ല. ഈ സര്‍ക്കാരാവട്ടെ, പാകിസ്താനില്‍ നിന്നു പഞ്ചസാര ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു- ശാംലിയില്‍ ലാപ്രന ഗ്രാമത്തിലെ ജാട്ട് കര്‍ഷകന്റെ വാക്കുകള്‍ക്ക് വിശദീകരണം വേണ്ട. 2014ലും 17ലും ജാട്ടുകള്‍ ഒറ്റക്കെട്ടായി ബിജെപിക്ക് വോട്ട് ചെയ്തു. എന്നാല്‍ മുസ്‌ലിം വിരുദ്ധ ധ്രുവീകരണത്തിന്റെ സാഹചര്യം മാറിയിരിക്കുന്നുവെന്ന് കൈരാന മണ്ഡലത്തിന്റെ ഭാഗമായ ലിസാദ് ഗ്രാമം സന്ദര്‍ശിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അമരേഷ് മിശ്ര എഴുതുന്നു.
2013ലെ മുസഫര്‍നഗര്‍ കലാപവേളയില്‍ ഒരു ഡസനിലേറെ മുസ്‌ലിംകള്‍ ലിസാദില്‍ കൊല്ലപ്പെട്ടു. 12,000ഓളം വോട്ടര്‍മാരുണ്ടായിരുന്നു. കലാപത്തിനു ശേഷം 2000ത്തിലേറെ മുസ്‌ലിംകള്‍ സ്ഥലംവിട്ടു. 9000ഓളം ജാട്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മുസ്‌ലിംകള്‍ ഗ്രാമം വിട്ടത് ജാട്ടുകളെ ബാധിച്ചിരിക്കുന്നു. ജാട്ട് കര്‍ഷകരുടെ പാടത്തെ തൊഴിലാളികളും മേസണ്‍, ആശാരി, പെയിന്റര്‍മാരുമെല്ലാം മുസ്‌ലിംകളായിരുന്നു.
Next Story

RELATED STORIES

Share it