ജിഡിപി എന്നാല്‍ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്- മൊത്തം ആഭ്യന്തര ഉല്‍പന്നം) എന്നാല്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം (ഗ്രോസ് ഡിവിസീവ് പൊളിറ്റിക്‌സ്) ആണെന്നു പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജിഎസ്ടിക്ക് ഗബ്ബാര്‍ സിങ് ടാക്‌സ് എന്നു പരിഹസിച്ചതിനു പിന്നാലെയാണ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിനു പുതിയ നിര്‍വചനം രാഹുല്‍ ട്വീറ്റ് ചെയ്തത്. മോദി ഭരണം ആരംഭിച്ചതിനു ശേഷം രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യത്തെ പരാമര്‍ശിച്ചാണു രാഹുല്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ച് ട്വീറ്റ് ചെയ്തത്. നിക്ഷേപരംഗത്തും ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയിലും മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, കാര്‍ഷിക വളര്‍ച്ചയും നടക്കുന്നില്ലെന്നു രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ കണക്കുകള്‍ സഹിതമുള്ള വാര്‍ത്തയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബുദ്ധിയും മിസ്റ്റര്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും (ഗ്രോസ് ഡിവിസീവ് പൊളിറ്റിക്‌സ്) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കുന്നത് ഇവയാണ്- പുതിയ നിക്ഷേപങ്ങള്‍ 13 വര്‍ഷം താഴോട്ട്, ബാങ്ക് ക്രെഡിറ്റ് വളര്‍ച്ച 63 വര്‍ഷം താഴോട്ട്, തൊഴില്‍ അവസരം എട്ടു വര്‍ഷം താഴോട്ട്, കാര്‍ഷിക വളര്‍ച്ച 1.7 ശതമാനം താഴോട്ട്, സാമ്പത്തിക കമ്മി എട്ടു വര്‍ഷം മുകളിലേക്ക്് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Next Story

RELATED STORIES

Share it