ജിജി തോംസണെ ഉപദേഷ്ടാവ് ആക്കിയതില്‍ എതിര്‍പ്പ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണെ സര്‍ക്കാര്‍ ഉപദേഷ്ടാവാക്കിയതിനെതിരേ പ്രതിപക്ഷം. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ജിജി തോംസണ്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാബിനറ്റ് പദവിയും ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കി നിയമനം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.
ധൂര്‍ത്ത്പുത്രനെപ്പോലെയാണ് ഉമ്മന്‍ചാണ്ടി ഓരോന്നു ചെയ്യുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇനി ഈ മന്ത്രിസഭയ്ക്ക് നയപരമായ ഒരു തീരുമാനവുമെടുക്കാന്‍ കഴിയില്ല. ഒരു പദ്ധതിയും ആവിഷ്‌കരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ജിജി തോംസണ്‍ എന്ത് ഉപദേശമാണ് മുഖ്യമന്ത്രിക്കു നല്‍കുക. മുഖ്യമന്ത്രിയുടെ കൊള്ളുകില്ലായ്മകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശമാണ് പരമാവധി ഇനി അദ്ദേഹത്തിന് നല്‍കാന്‍ കഴിയുകയെന്നും വിഎസ് പറഞ്ഞു. ജിജി തോംസണിന്റെ കാലാവധി നീട്ടിക്കൊടുക്കാനുള്ള ഗൂഢനീക്കം പരാജയപ്പെട്ടപ്പോള്‍, ജനങ്ങളോടുള്ള വാശി തീര്‍ക്കാനെന്ന മട്ടിലാണ് ഇദ്ദേഹത്തെ ഉന്നതപദവിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്വന്തം ശിങ്കിടികളായ ചിലരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും എണ്ണം തോന്നുംപടി കൂട്ടി ആ സ്ഥാനങ്ങളുടെ ഗൗരവം തന്നെ ഉമ്മന്‍ചാണ്ടി കളഞ്ഞു കുളിച്ചിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
ജിജി തോംസണും ഉമ്മന്‍ചാണ്ടിയും ചക്കിക്കൊത്ത ചങ്കരന്‍മാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. സര്‍ക്കാര്‍ അഴിമതിക്കാരെ സഹായിക്കുകയാണെന്നും മുഖ്യ വിവരാവകാശ കമ്മീഷണറായുള്ള വിന്‍സന്റ് എം പോളിന്റെ നിയമനവും സര്‍ക്കാരിന്റെ പ്രത്യുപകാരമായി കണ്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it