Flash News

ജിഎസ് ടി : 177 ഉല്‍പന്നങ്ങളുടെ വില കുറയും



ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) ഏറ്റവും ഉയര്‍ന്ന നികുതി ഘടനയായ 28 ശതമാനത്തിന്റെ സ്ലാബില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ചോക്ലേറ്റ്, ച്യൂയിങ്ഗം, ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍, ഷൂ പോളിഷ്, പോഷകാഹാര പാനീയങ്ങള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ഉല്‍പന്നങ്ങള്‍, അലക്കുപൊടികള്‍ തുടങ്ങിയ 177 ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചു. ഇതോടെ ഇവയുടെ വില കുറയും. പുതിയ തീരുമാനപ്രകാരം, ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ 50 ഉല്‍പന്നങ്ങള്‍ മാത്രമായി നിജപ്പെടുത്തി. നേരത്തേ ഈയിനത്തില്‍ 227 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനം. 28 ശതമാനത്തിന്റെ സ്ലാബില്‍ നിന്ന് 62 ഇനങ്ങള്‍ ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ ഇനങ്ങള്‍ ഈ സ്ലാബില്‍ നിന്ന് ഒഴിവാക്കി 50 സാധനങ്ങള്‍ മാത്രമാക്കി നിജപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. നേരത്തേ ഈ സ്ലാബില്‍ ഉണ്ടായിരുന്ന ബാക്കി ഇനങ്ങള്‍ മൂന്നാമത്തെ സ്ലാബായ 18 ശതമാനത്തില്‍ നിലനിര്‍ത്തും. പെയിന്റ്, സിമന്റ്, ആഡംബര വസ്തുക്കളായ അലക്കുയന്ത്രങ്ങള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ ഇനങ്ങള്‍ 28 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തും. ഇതിനു പുറമേ 18 ശതമാനം സ്ലാബിലുണ്ടായിരുന്ന നിരവധി ഉല്‍പന്നങ്ങള്‍ 12 ശതമാനത്തിന്റെയും 5 ശതമാനത്തിന്റെയും സ്ലാബിലേക്കു കൊണ്ടുവന്നതായി അസം ധനമന്ത്രി ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു. അഗ്നിശമന യന്ത്രങ്ങള്‍, വാച്ചുകള്‍, ബ്ലേഡ്, സ്റ്റൗ, കിടക്കകള്‍ എന്നിവയുടെ ജിഎസ്ടി 28ല്‍ നിന്ന് 18 ആയി കുറച്ചു. പാസ്ത, ചണനാര്, കോട്ടണ്‍ ഹാന്‍ഡ്ബാഗ് എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇത്രയധികം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടി രൂപയുടെ നികുതി നഷ്ടം സര്‍ക്കാരിന് ഉണ്ടാവുമെന്ന് ബിഹാര്‍ ധനമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ജിഎസ്ടിയുടെ നിരക്കുഘടനയില്‍ സമ്പൂര്‍ണമായ മാറ്റം വരുത്തണമെന്നും ചട്ടങ്ങള്‍ ലളിതമാക്കണമെന്നുമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളായ കര്‍ണാടകയും പഞ്ചാബും പോണ്ടിച്ചേരിയും ഇന്നലത്തെ യോഗത്തില്‍ ആവശ്യപ്പെട്ടത്. ജിഎസ്ടിയില്‍ 28 ശതമാനം സ്ലാബ് നിലനിര്‍ത്തുക വഴി കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാ ര്‍  എടുക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശിച്ചു. നോട്ടു നിരോധനത്തിനു പുറമേ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ ചരക്കു സേവന നികുതി നടപ്പാക്കിയത് രാജ്യത്തെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചിരുന്നു. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലാവുമെന്നാണ് കണക്കുകൂട്ടുന്നത്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് പ്രധാന പ്രചാരണ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് നിരവധി ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it