Flash News

ജിഎസ് ടി : പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമെന്റില്‍



ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍വന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ മാസം 30ന് അര്‍ധരാത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. ഇതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. ചടങ്ങില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ജിഎസ്ടിയെക്കുറിച്ചു സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട രണ്ടു ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങായിരിക്കും സംഘടിപ്പിക്കുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച് ഡി ദേവഗൗഡ തുടങ്ങിയവരും സന്നിഹിതരായിരിക്കും. ചടങ്ങിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍, ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍, ജിഎസ്ടി നടപടികളുടെ ഭാഗമായവര്‍ തുടങ്ങിയവരും ചടങ്ങിലുണ്ടാവും. നികുതി പരിഷ്‌കരണം തുടക്കത്തില്‍ പ്രയാസങ്ങളുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വരുമാനം കൂടും. അതോടെ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ചെലവഴിക്കല്‍ ശേഷിയും വര്‍ധിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തും. ജിഎസ്ടിയിലേക്ക് മാറുമ്പോഴുണ്ടാവുന്ന വെല്ലുവിളികളുണ്ട്. അത് കുറഞ്ഞ കാലത്തേക്ക് മാത്രമാണുണ്ടാവുക- ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it