ജിഎസ്ടി: 20 ശതമാനം വരുമാന വര്‍ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

തിരുവനന്തപുരം: ഇ വേ ബില്ലും കാര്യക്ഷമമായ ജിഎസ്ടിയും വരുന്നതോടെ 2018-19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാനം വര്‍ധിക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. ഐ ജിഎസ്ടി, എസ്ജിഎസ്ടി എന്നിവയിലെ ചോര്‍ച്ചയാണു പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രവും കെയുഡബ്യു ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച “കേരളത്തിന്റെ സമ്പദ്ഘടന ജിഎസ്ടിക്കു ശേഷം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊള്ളലാഭ വിരുദ്ധ നിയമം അനുസരിച്ച് 153 കമ്പനികള്‍ക്കെതിരേ പരിശോധന നടത്തി കേന്ദ്ര കൗണ്‍സിലിന് പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. വിപണിയില്‍ സാധന വില കുറയേണ്ടതാണെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇതു താല്‍ക്കാലിക പ്രതിഭാസമാണെന്നും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വില കുറയുമെന്നുമാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ജിഎസ്ടിയും നോട്ട് നിരോധനവും ഏറ്റവുമധികം ബാധിച്ചത് ചെറുകിട വ്യവസായങ്ങളെയാണെന്നു മന്ത്രി പറഞ്ഞു. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനുണ്ടായിരുന്ന നികുതി അധികാരം മാറി. അതു ജിഎസ്ടി കൗണ്‍സിലിനായി. ജിഎസ്ടിയോടെ രാജ്യം മുഴുവന്‍ ഏകീകൃത നികുതി സംവിധാനത്തിലേക്കു മാറുകയും ചെയ്തു. ജിഎസ്ടി ഉല്‍പാദന വര്‍ധനവിലേക്ക് നയിക്കുമെന്നാണു തത്ത്വമെങ്കിലും കയറ്റുമതി പ്രതിസന്ധിയിലായിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ജിഎസ് ടി അവ്യക്തതകള്‍ നിറഞ്ഞ പ്രക്രിയയായി നിലനില്‍ക്കുകയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജിഎസ്ടി ക്രമീകരണങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ ധാരണയുണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ്, കെയുഡബ്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it