Flash News

ജിഎസ്ടി സ്വാധീനം : നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയുടെ ലേലം മരവിപ്പിച്ചു



ബംഗളൂരു: ലേലത്തിലൂടെ അപൂര്‍വ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നവര്‍ ഇനി ആഗസ്ത് വരെ കാത്തിരിക്കണം. പുരാവസ്തു വകുപ്പ് താല്‍ക്കാലികമായി ലേലം മരവിപ്പിച്ചതാണ് കാരണം. പഴയ നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയ്ക്ക് ചുമത്തിയ ഉയര്‍ന്ന ചരക്കു സേവന നികുതി (ജിഎസ്ടി), ലേലത്തിനു ചുമത്തിയിരിക്കുന്ന ഉയര്‍ന്ന പ്രതിഫലം എന്നിവ മൂലമാണ് പുരാവസ്തു വകുപ്പ് ലേലം മരവിപ്പിച്ചത്. ഫെബ്രുവരിയിലായിരുന്നു ബംഗളൂരുവില്‍ വച്ച് അവസാനമായി പഴയ നാണയങ്ങളുടെ ലേലം നടന്നത്. അടുത്ത ലേലം മുംബൈയിലാണ് നിശ്ചയിച്ചിരുന്നത്. ആഗസ്തിനു മുമ്പ് ഇതു നടക്കില്ല. പുരാവസ്തു വകുപ്പിനു കീഴില്‍ ആറു ലേലംവിളി കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഏര്‍പ്പെടുന്ന സ്റ്റാമ്പ്-നാണയ സമാഹരണം രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാന്‍ ഉതകുന്നതാണ്. എന്നാല്‍, അതിന് ഉയര്‍ന്ന നികുതി ചുമത്തുന്നതു നല്ലതല്ലെന്നു ലേലംവിളി കേന്ദ്രനടത്തിപ്പുകാരനായ രാജേന്ദര്‍ മാരു പറഞ്ഞു. നികുതിമൂല്യം എത്രയെന്നു തിട്ടപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് ലേലം നിര്‍ത്തിവച്ചത്. 28 ശതമാനത്തോളം നികുതി ചുമത്തപ്പെടുമെന്നാണ് വിവരങ്ങള്‍. ഇപ്പോള്‍ 12 ശതമാനമാണ് ഇവയ്ക്ക് ചുമത്തുന്ന നികുതി. 12 ഓണ്‍ലൈന്‍ ലേലങ്ങളും 20 സാധാരണ ലേലങ്ങളും ഓരോ വര്‍ഷവും നടക്കുന്നുണ്ട്. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ലേലത്തില്‍ അംഗങ്ങള്‍ കൂടുന്നുണ്ടെന്നുമാണ് വിവരം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നാണയം 2600 വര്‍ഷം മുമ്പുള്ള ഗാന്ധാര ജനപദത്തിലേതാണ്. ഈ നാണയം ഇപ്പോള്‍ അഫ്ഗാനിസ്താനിലാണ്. 1972ലെ ആന്റിക്വിറ്റീസ് ആന്റ് ആര്‍ട്ട് ട്രഷര്‍ നിയമപ്രകാരം പൗരാണിക വസ്തുക്കള്‍ രാജ്യത്തിനകത്തു മാത്രമേ കച്ചവടം നടത്താന്‍ സാധിക്കൂ.
Next Story

RELATED STORIES

Share it