thiruvananthapuram local

ജിഎസ്ടി: സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്ന്  നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ജിഎസ്ടി സംവിധാനം നടപ്പിലാക്കിയതോടെ ഇതുവ്യാപകമാവുകയാണ്.  അനധികൃതമായി വിദേശത്തു നിന്നെത്തിക്കുന്ന സ്വര്‍ണമാണ് ആഭരണമാക്കി കേരളത്തിലേക്കെത്തിക്കുന്നത്. അമരവിളയിലെ എക്‌സൈസ് വിഭാഗം മാത്രം നവംബര്‍ 15നു ശേഷം എട്ടു കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചു. കാറില്‍ കടത്താന്‍ ശ്രമിച്ച പതിന്നാലര കിലോ സ്വര്‍ണാഭരണം ജിഎസ്ടി വിഭാഗം പിടികൂടി. ഇതിനു വിപണിയില്‍ അഞ്ചുകോടിയോളം രൂപ വിലവരും. പാറശ്ശാല റെയില്‍വേ പോലിസും ഒരു മാസം മുമ്പ്  15 കിലോയോളം സ്വര്‍ണം പിടിച്ചിരുന്നു. തമിഴ്‌നാട്ടിലെ മധുര, തിരുനെല്‍വേലി, തഞ്ചാവൂര്‍, പൊന്‍പുനരി, സിംഹപുനരി തുടങ്ങിയ സ്ഥലങ്ങളിലെ നിര്‍മാണകേന്ദ്രങ്ങളില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും ആഡംബര കാറുകളിലും ട്രെയിനുകളിലുമാണ് ഇവ കൊണ്ടുവരുന്നത്. മൂന്നുമാസത്തിനിടെ സ്വര്‍ണാഭരണം കടത്താന്‍ ശ്രമിച്ച ആറുപേരെ അതിര്‍ത്തിയില്‍ പാറശ്ശാല റെയില്‍വേ പോലിസും അമരവിളയിലെ എക്‌സൈസ് ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരും ജിഎസ്ടി വിഭാഗവും പിടികൂടിയിരുന്നു.  പിടിയിലാകുന്നവര്‍ ഉദ്യോഗസ്ഥരെ കാണിക്കുന്നത് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബില്ലുകളാണ്. ആഴ്ചയിലൊരിക്കല്‍ സ്വര്‍ണവുമായി കേരളത്തിലേക്ക് എത്തുന്നവരാണെന്നാണ് പിടിയിലായവര്‍ പോലിസിനോടു വെളിപ്പെടുത്തിയത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടികൂടിയ പ്രതി മൂന്നുമാസത്തിനിടയില്‍ കേരളത്തിലേക്ക് ഇരുപതിലേറെത്തവണ സ്വര്‍ണവുമായി എത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലെ ചില സ്വര്‍ണക്കടകളിലേക്കാണ് ആഭരണമെത്തിക്കുന്നത്. തിരുവനന്തപുരത്ത് വിതരണം ചെയ്തശേഷം അടുത്ത സ്ഥലങ്ങളിലേക്കു പോവുകയാണുപതിവ്. ഇവര്‍ എത്തിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ കടയുടെ ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്തിരിക്കും. എന്നാല്‍, കടത്തുകാരില്‍നിന്നു കടക്കാര്‍ സ്വര്‍ണം വാങ്ങുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വര്‍ണക്കടകളുടെ പേരില്‍ നിയമനടപടി സ്വീകരിക്കുവാന്‍ സാധിക്കില്ലെന്ന് ജിഎസ്ടി. വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു. ഇവര്‍ പറയുന്ന കടയുടമകളെ വിളിച്ചുവരുത്തിയാല്‍ ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ലായെന്നും ഇവരെ പരിചയമില്ലായെന്നും വിശദീകരിച്ച് തടിയൂരാറാണ് പതിവ്. തീര്‍ഥാടകവേഷത്തിലും കള്ളക്കടത്ത് തീര്‍ഥാടകരെപ്പോലെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന കള്ളക്കടത്തുകാര്‍, ക്ഷേത്രങ്ങളുടെ പേരുകളിലുള്ള തുണിസഞ്ചികളില്‍ പ്രസാദം സൂക്ഷിക്കുന്ന രീതിയിലാണ് സ്വര്‍ണം സൂക്ഷിക്കുന്നതെന്ന് റെയില്‍വേ പോലിസ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it