Flash News

ജിഎസ്ടി സമ്പ്രദായത്തിലെ ആശങ്ക പരിഹരിച്ചില്ല ; കരാറുകാര്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക 1,600 കോടി



കണ്ണൂര്‍: സംസ്ഥാനത്തെ ഗവ. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള കുടിശ്ശിക 1,600 കോടി രൂപ കവിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ബാധ്യതയാണ് ഇതിലേറെയും. ഗ്രാമീണ റോഡ് വികസനത്തിനായി വണ്‍ ടൈം മെയിന്റനന്‍സ് പദ്ധതി നടപ്പാക്കിയ വകയില്‍ മാത്രം 300 കോടിയുടെ കുടിശ്ശികയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക 100 കോടി വരും. ഇതിനു പുറമേയാണ് ജലവിഭവ വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള തുക. ദേശീയ കുടിവെള്ള വിതരണ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച 52 കോടി രൂപ പോലും കരാറുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ഇതുമൂലം പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്നില്ല. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതില്‍ ധനവകുപ്പിലെ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രതിസന്ധി തുടരാന്‍ കാരണം. പ്രവൃത്തി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മിക്കപ്പോഴും കരാറുകാര്‍ക്ക് ബില്ല് തുക തീര്‍ത്തുകിട്ടുന്നത്. അംഗീകരിച്ച ബില്ലുകള്‍ തന്നെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ട്രഷറിയില്‍ സമയത്തിന് എത്തുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പാസാക്കപ്പെട്ട ബില്ലുകള്‍ മാര്‍ച്ച് അവസാനവാരം ട്രഷറികളില്‍ സമര്‍പ്പിച്ചെങ്കിലും പണം ഇതുവരെ നല്‍കിയിട്ടില്ല. ഒറ്റത്തവണ അറ്റകുറ്റപ്പണികളുടെ ബില്ലുകള്‍ക്ക് പണം അനുവദിച്ചെങ്കിലും അതും വിതരണം ചെയ്തില്ല. അതേസമയം, അടുത്ത മാസം മുതല്‍ മൂല്യവര്‍ധിത നികുതിയില്‍നിന്ന് (വാറ്റ്) ഏകീകൃത ചരക്ക് സേവന നികുതിയിലേക്ക് (ജിഎസ്ടി) നികുതിഘടന മാറുന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന ആശങ്കയിലാണ് കരാറുകാര്‍. വാറ്റ് സമ്പ്രദായത്തില്‍ നാലു ശതമാനം നികുതിയാണ് ഓരോ പ്രവൃത്തിക്കും കരാറുകാര്‍ ഒടുക്കുന്നത്. ലഭിക്കുന്ന ലാഭനിരക്ക് 10 ശതമാനവും. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ച കണക്കുപ്രകാരം ജിഎസ്ടിയില്‍ 12 ശതമാനം നികുതി നല്‍കേണ്ടിവരും. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇതു കിട്ടണമെങ്കില്‍ നികുതിവിധേയ ബില്ലുക ള്‍ ഹാജരാക്കണം. എന്നാല്‍, മിക്ക നിര്‍മാണവസ്തുക്കള്‍ക്കും നികുതിവിധേയ ബില്ലുകള്‍ ലഭിക്കാനുള്ള സാഹചര്യമില്ല. വാറ്റ് സമ്പ്രദായത്തില്‍ കരാര്‍ ഉറപ്പിച്ച പ്രവൃത്തികളുടെ ബില്ല് കുടിശ്ശിക ഇനിയും ലഭിച്ചിട്ടില്ല. ജിഎസ്ടിയിലേക്കു മാറുമ്പോഴുള്ള അധിക നികുതിബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കുടിശ്ശികയുടെ കാര്യം അനന്തമായി നീളവെ പുതിയ സാഹചര്യത്തില്‍ ഫണ്ടിന്റെ കുറവ് നിര്‍മാണപ്രവൃത്തികളെ സാരമായി ബാധിക്കും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ സംഭവിക്കുന്ന അധികബാധ്യത താങ്ങാനാവില്ലെന്നും ഇതു സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it