Flash News

ജിഎസ്ടി : സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം നികുതി



കെ എ സലിം

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ചരക്കു സേവന നികുതി   ഈ മാസം 30 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്്റ്റ്‌ലി അറിയിച്ചു. ഇന്നലെ നടന്ന ജിഎസ്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.അതേ സമയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഇന്നലെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന 17ാമത് ജിഎസ്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനമാണ് നികുതി. ഇതോടെ അന്യസംസ്ഥാന ലോട്ടറികള്‍ക്കു കടുത്ത നിയന്ത്രണമുണ്ടാവും. ഏറെനേരം നീണ്ട സംവാദത്തിനൊടുവിലാണ് തീരുമാനം. ലോട്ടറിയുടെ നികുതിയെ ചൊല്ലി ശക്തമായ നിലപാടാണ് ഇന്നലത്തെ യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് എടുത്തത്. പന്തയത്തിന് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കീഴിലുള്ള ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി ഐസക് ചോദ്യംചെയ്തു. തര്‍ക്കം ഒന്നരമണിക്കൂറോളം നീണ്ടു. ഉച്ചയ്ക്ക് ഭക്ഷണത്തിനു പിരിഞ്ഞ സമയത്തു നടന്ന അനൗപചാരിക ചര്‍ച്ചയിലും തീര്‍പ്പായില്ല. ഉച്ചയ്ക്കുശേഷം യോഗം തുടര്‍ന്നപ്പോള്‍ ജിഎസ്ടി കൗണ്‍സിലുമായി സഹകരിക്കില്ലെന്നു പറഞ്ഞ് തോമസ് ഐസക് എഴുന്നേല്‍ക്കാനും ശ്രമിച്ചു. ഇതിനിടെ, കേരളത്തിന്റെ ആവശ്യത്തെ ജമ്മുകശ്മീരും പിന്തുണച്ചു. ഈ ഘട്ടത്തിലാണ് സംസ്ഥാനം നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചത്. കേരളത്തിനു വലിയ സന്തോഷമുണ്ടാക്കുന്നതാണ് തീരുമാനമെന്ന് യോഗശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയാണ് ലോട്ടറി നികുതി സംബന്ധിച്ച തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു. സമ്മാനത്തുക കൂട്ടാനുള്ള ആലോചനയിലാണു കേരളം. മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി  ഏജന്‍സി നല്‍കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വ്യാപാരികള്‍ക്കു റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചു. നികുതിയടയ്ക്കല്‍ ജിഎസ്ടിയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. ഇതിനായുള്ള ഏകീകൃത കംപ്യൂട്ടര്‍ ശൃംഖല ഇതുവരെ സജ്ജമായിട്ടില്ല. ഇതു സജ്ജമാവാന്‍ നാലഞ്ചു മാസമെങ്കിലും എടുക്കും. ഈ സാഹചര്യത്തിലാണ് ഇടപാട് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്ക് രണ്ടുമാസം കൂടി കാലതാമസം നല്‍കുന്നത്. ജൂലൈയിലേത് സപ്തംബര്‍ നാലിനു മുമ്പ് സമര്‍പ്പിച്ചാല്‍ മതി. കമ്പനികള്‍ക്ക് സപ്തംബര്‍ 20 വരെയും സമര്‍പ്പിക്കാം.  5,000 മുതല്‍ 7500 വരെ നിരക്കുള്ള ഹോട്ടല്‍മുറികള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തി. നേരത്തേ ഇത് 28 ആയിരുന്നു. 5,000ത്തിന് താഴെയുള്ള ഹോട്ടലുകളുടെ നികുതി 12 ശതമാനമായി തന്നെ തുടരും. ഹോട്ടല്‍ നികുതി കുറച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ടൂറിസം വ്യവസായ മേഖലയ്ക്കു സഹായകമാവും. ഹൗസ് ബോട്ടുകളുടെ നിരക്കും താഴും. അതേസമയം, ചെറുകിട ഹോട്ടലുകളുടെ നികുതി വര്‍ധിച്ചതിനാല്‍ ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധന ഉണ്ടായേക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടിയുടെ മറവില്‍  ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതു തടയാന്‍  ഭനികുതിനിരക്കിലെ പരിഷ്‌കരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it