ജിഎസ്ടി ബില്ല് ഈ ആഴ്ച പാസാക്കാന്‍ തീവ്രശ്രമം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിക്കുന്ന ഈ ആഴ്ച നിര്‍ണായകമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല്, റിയല്‍ എസ്റ്റേറ്റ് ബില്ല് എന്നിവ പാസാക്കിയെടുക്കാന്‍ കേന്ദ്രം നടപടികളാരംഭിച്ചു. നാഷനല്‍ ഹെറാള്‍ഡ് വിഷയത്തില്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പിന്നാക്കം പോവുന്നുണ്ടെന്നാണ് സൂചന.
വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരു സഭകളിലും നടക്കും. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലവര്‍ധനയില്‍ ഊന്നിക്കൊണ്ടുള്ള ചര്‍ച്ചകള്‍ രാജ്യസഭയില്‍ നടക്കും. ബില്ലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം കോണ്‍ഗ്രസ്സിനു നല്‍കിയിരുന്നു. ഇതിനു കോണ്‍ഗ്രസ് നാളെ മറുപടി അറിയിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത സംബന്ധിച്ച് ചര്‍ച്ച നടക്കും. രാജ്യസഭയില്‍ നടപ്പ് സമ്മേളനത്തില്‍ ആറു ബില്ലുകള്‍ പാസാക്കി. ആറു ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ലോക്‌സഭയില്‍ ഒരു ബില്ല് മാത്രമാണ് നടപ്പു സമ്മേളനത്തില്‍ പാസാക്കിയത്. നേരത്തേ ലോക്‌സഭ പാസാക്കിയ 10 ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുണ്ട്.
ചരക്കുസേവന നികുതി ബില്ല് പാസാക്കുന്നതിന് മൂന്നു മണിക്കൂറും റിയല്‍ എസ്റ്റേറ്റ് ബില്ല് പാസാക്കുന്നതിന് രണ്ടു മണിക്കൂറും ആണ് അനുവദിക്കപ്പെട്ടള്ള സമയം. അഴിമതി തടയുന്നതിന്റെ ഭാഗമായ വിസില്‍ ബ്ലോവര്‍ ബില്ലിനു ചര്‍ച്ചയ്ക്കായി രണ്ടു മണിക്കൂറും സമയമുണ്ട്. പട്ടികജാതി/വര്‍ഗ ബില്ലും സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കും.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ചരക്കു സേവന നികുതി ബില്ലില്‍ സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ചയാവും. ബില്ല് പാസാക്കുന്നതിനനുകൂലമായ തീരുമാനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.
പാകിസ്താന്‍ സന്ദര്‍ശനം കഴിഞ്ഞുവരുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് ഇരു സഭകളിലും തിങ്കളാഴ്ച പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it