ജിഎസ്ടി ബില്ലിനെ ജെഡിയു പിന്തുണക്കാനിടയില്ല

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി) ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കില്ലെന്ന് ജെഡിയു സൂചിപ്പിച്ചു. ബില്ലിനെ പാര്‍ട്ടി നേരത്തെ പിന്തുണച്ചിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ മനം മാറ്റം. ജിഎസ്ടി ബില്ലിനെ പ്രതിപക്ഷ കക്ഷികള്‍ മിക്കതും എതിര്‍ക്കുന്ന സാഹചര്യത്തില്‍ ജെഡിയുവിന് മാറി നില്‍ക്കുക സാധ്യമല്ല. ചരക്കുസേവന നികുതി ബില്ല്, ബിഹാര്‍ പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പ്രയോജന പ്രദമാകുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. ബിഹാറില്‍ ഭരണത്തിലുളള ജെഡിയു ബില്ലിനെ പിന്തുണക്കാന്‍ അതായിരുന്നു പ്രധാന കാരണം. ജിഎസ്ടി ബില്ലിന്റെ കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു.
മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ബില്ലിലെ ചില വ്യവസ്ഥകളെ എതിര്‍ക്കുന്നുണ്ട്. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നാണ് ജെഡിയുവും ആര്‍ജെഡിയും കരുതുന്നത്. ലോക്‌സഭ അംഗീകരിച്ച ജിഎസ്ടി ബില്ല് ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ്. രാജ്യസഭയില്‍ ജെഡിയുവിന് 12 അംഗങ്ങളുണ്ട്. സഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമില്ല. 26ന് തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ ബില്ല് പാസ്സാക്കിയെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Next Story

RELATED STORIES

Share it