Middlepiece

ജിഎസ്ടി നിയമത്തിന്റെ അവകാശികള്‍

ജിഎസ്ടി നിയമത്തിന്റെ അവകാശികള്‍
X
slug-indraprasthamകഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. രാവിലെ 10.15നാണ് പ്രധാനമന്ത്രി എത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ പ്രമുഖരുടെ ഒരു വാര്‍ഷിക സമ്മേളനമാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പരിപാടി. രാജ്യത്തെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും രാജ്യം ഏതു ദിശയിലാണ് മുന്നേറുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പര്യാലോചന നടത്തുകയുമാണ് ഈ പരിപാടിയില്‍ നടന്നുവരുന്നത്.
ചുരുങ്ങിയ സമയമേ പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായുള്ളൂ. അദ്ദേഹം പറഞ്ഞു: ''പാര്‍ലമെന്റ് സമ്മേളിക്കുകയാണ്. അതിനാല്‍ എനിക്ക് സഭയിലേക്കു പോവണം. സഭ സമ്മേളിക്കുന്നു എന്നതു തന്നെ വലിയ വാര്‍ത്തയാണ്.''
കാര്യം ശരിയാണ്. പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനം ഭരണ-പ്രതിപക്ഷ കക്ഷികളുടെ തമ്മിലടിയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഭരണപരമായ ഒരു കാര്യവും നടക്കാതെയാണ് കഴിഞ്ഞ വര്‍ഷകാല സമ്മേളനം കടന്നുപോയത്. ഇപ്പോള്‍ മഞ്ഞുകാല സമ്മേളനമാണ്. മഞ്ഞുകാല സമ്മേളനമാണെങ്കിലും കക്ഷികള്‍ക്കിടയില്‍ ഒരു മഞ്ഞുരുക്കത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അന്തരീക്ഷം ഇപ്പോള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. അതിനു മുന്‍കൈയെടുത്തത് പ്രധാനമന്ത്രി തന്നെയാണ് എന്നത് തുറന്നു സമ്മതിക്കുകയും വേണം. കഴിഞ്ഞ ഒന്നരവര്‍ഷക്കാലം പ്രതിപക്ഷത്തെ തൃണവല്‍ഗണിച്ച് ഏകപക്ഷീയമായി മുന്നേറിയ പ്രധാനമന്ത്രി ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെയും ചായക്ക് ക്ഷണിച്ച് ബഹുമാനം കാണിച്ചു. രാജ്യഭരണം കക്ഷിതര്‍ക്കങ്ങള്‍ക്കിടയില്‍ അലമ്പായിപ്പോവുന്നത് ഭാവിയില്‍ തനിക്കും പാര്‍ട്ടിക്കും ആപത്തായിത്തീരുമെന്ന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും നരേന്ദ്രമോദിക്ക് തോന്നിത്തുടങ്ങിയത് നല്ല ലക്ഷണമാണ്.
അതിന്റെ ഗുണം ഒരുപക്ഷേ, ഇത്തവണ സഭാനടപടികളില്‍ കണ്ടേക്കും. വളരെ പ്രധാനമായ നിയമനിര്‍മാണങ്ങള്‍ പലതും കാലങ്ങളായി മുടങ്ങിക്കിടക്കുകയാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍. ലോക്‌സഭയില്‍ ഭരണകക്ഷിക്ക് വന്‍ ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ ഇല്ല. രണ്ടു സഭയും ബില്ലുകള്‍ പാസാക്കണം. എന്നാലേ നിയമനിര്‍മാണം നടക്കൂ.
ഇത്രയും കാലം ബിജെപി കരുതിയത് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ വിജയിച്ചുവരുമെന്നായിരുന്നു. അതോടെ രാജ്യസഭയിലെ കക്ഷിനില തങ്ങള്‍ക്ക് അനുകൂലമാവുമെന്നും അവര്‍ കരുതി. അതുകൊണ്ടാണ് പ്രതിപക്ഷത്തെ കണക്കിലെടുക്കാതെ ഏകപക്ഷീയമായി അവര്‍ കാര്യങ്ങള്‍ നടത്തിയത്. അവരുടെ വ്യാമോഹങ്ങള്‍ക്ക് തിരിച്ചടിയായത് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലമാണ്. ബിഹാറില്‍ മാത്ര മല്ല, വരും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കു തിരിച്ചടിയാണ് വരാനിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
അതിനു കാരണം കേന്ദ്രമന്ത്രിസഭയുടെ ഭരണരംഗത്തെ സ്തംഭനാവസ്ഥയും പരാജയവും തന്നെ. പാലും തേനും ഒഴുക്കും എന്നു പറഞ്ഞ് അധികാരത്തില്‍ കയറിയിട്ട് പച്ചവെള്ളംപോലും നാട്ടുകാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് നാട്ടിലും റോഡിലും പുഴയിലും മാലിന്യം കുമിഞ്ഞുകൂടി. ഇപ്പോള്‍ അത് മനുഷ്യന്റെ മനസ്സിലേക്കും വ്യാപിച്ചു എന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കു തന്നെ ചൂണ്ടിക്കാണിക്കേണ്ടിവന്നു.
ഇങ്ങനെ പോയാല്‍ ജനം ഭരണാധികാരികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും എന്നു തീര്‍ച്ച. അതിനാല്‍ എന്തെങ്കിലും നേട്ടങ്ങള്‍ അടിയന്തരമായി ഉണ്ടാക്കിയേ പറ്റൂ. അതിനു പറ്റിയ ഒന്നാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് അഥവാ ജിഎസ്ടി നിയമം നടപ്പാക്കല്‍. അത് രാജ്യത്തെ ആഭ്യന്തര കച്ചവടത്തെ വര്‍ധിപ്പിക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും വരുമാനം വര്‍ധിപ്പിക്കും. ചരക്കുകളുടെ കടത്ത് കൂടുതല്‍ എളുപ്പത്തിലാക്കും. വ്യാപാരവും ഉല്‍പാദനവും വര്‍ധിക്കും. മൊത്തത്തില്‍ നാടിന് നല്ലതാണ്.
പക്ഷേ, പലവിധ തര്‍ക്കങ്ങളില്‍ ബില്ല് അങ്ങനെ നീണ്ടുപോവുകയായിരുന്നു. സത്യത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തയ്യാറാക്കിയ ബില്ലാണിത്. എല്ലാ പാര്‍ട്ടികളും സംസ്ഥാനങ്ങളും അതില്‍ പങ്കാളികളായി. സിപിഎമ്മിന്റെ ബംഗാളിലെ ധനമന്ത്രിയായിരുന്നു അതുമായി ബന്ധപ്പെട്ട സമിതിയുടെ അധ്യക്ഷന്‍. മിക്കവാറും എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അതില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ആ ബില്ല് ഈ സഭയില്‍ പാസാക്കിയെടുക്കാനാണു ശ്രമം. വളരെ നല്ലത്. അതിന്റെ നേട്ടം തങ്ങള്‍ക്കെന്ന് ബിജെപിക്കു പറയാം. പക്ഷേ, കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എന്തിന് ഈയിടെ പണിപോയ കെ എം മാണിക്കുപോലും ബില്ലിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയുമാവാം. വൈകിയാണെങ്കിലും ഒരു ദേശീയ സമവായം ഭരണരംഗത്ത് കാണപ്പെടുകയാണെങ്കില്‍ അതു നാട്ടുകാരുടെ ഭാഗ്യം തന്നെ. ി
Next Story

RELATED STORIES

Share it