ജിഎസ്ടി ജീവിതം തകര്‍ത്ത വ്യാപാരി വിഷം കഴിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതിയും (ജിഎസ്ടി) നോട്ട് നിരോധനവുംമൂലം ജീവിതം തകര്‍ന്ന വ്യാപാരി മന്ത്രിയുടെ ജനതാ ദര്‍ബാറിനിടെ വിഷം കഴിച്ചു. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിലാണ് സംഭവം. സംസ്ഥാന കൃഷിമന്ത്രി സുബോധ് ഉനിയാല്‍ ബിജെപി ഓഫിസില്‍ ജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കുന്നതിനിടെയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കത്‌ഗോഡാം സ്വദേശിയായ പാണ്ഡെയെ ഉടന്‍തന്നെ ഡൂണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാണ്ഡെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനും പാണ്ഡെ പരാതി അയച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. നോട്ടു നിരോധനവും ചരക്കു സേവന നികുതിയും കാരണമാണ് താന്‍ വിഷം കഴിച്ചതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മന്ത്രി ഉനിയാല്‍ പറഞ്ഞു. അദ്ദേഹം വിഷംകുടിച്ചത് രാഷ്ട്രീയ ലാക്കോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും മന്ത്രി ആരോപിച്ചു.
Next Story

RELATED STORIES

Share it