ജിഎസ്ടി: ചെരിപ്പു വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു

സ്വന്തം പ്രതിനിധി

കോഴിക്കോട്: ജിഎസ്ടിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം പാദരക്ഷാ വ്യവസായം പ്രതിസന്ധിയിലാെയന്നു പാദരക്ഷാ വ്യവസായ സംരക്ഷണ സമിതി. 12 മുതല്‍ 18 ശതമാനം വരെ നികുതി കൊടുത്തു വാങ്ങുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഉല്‍പാദിപ്പിക്കുന്ന ചെരിപ്പുകള്‍ അഞ്ചു ശതമാനം നികുതി നിരക്കില്‍ വില്‍പന നടത്തുമ്പോള്‍ സര്‍ക്കാരില്‍ സ്വരൂപിക്കപ്പെടുന്ന അധിക നികുതി വ്യവസായികള്‍ക്കു തിരികെ നല്‍കേണ്ടതാണ്. എന്നാല്‍ ആറു മാസമായി ഒരു തുകയും റീ ഫണ്ട് ചെയ്ത് കിട്ടിയിട്ടില്ല. ഏപ്രില്‍ ആയാലേ തുക തിരികെ കിട്ടൂ എന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ തന്നെ 300 കോടിയോളം രൂപ കുടിശ്ശികയുണ്ട്. റീ ഫണ്ട് കിട്ടാത്തതു കാരണം ബാങ്ക് വായ്പയില്‍ നിന്നാണു വ്യാപാരികള്‍ പര്‍ച്ചേസ് നികുതി നല്‍കുന്നത്. ഇതു കാരണം വ്യവസായം നടത്താനുള്ള പണമില്ലാതെ കുഴങ്ങുകയാണു മിക്കവരും. ഇതിനകം ഫറോക്ക് മേഖലയില്‍ മാത്രം 40 യൂനിറ്റുകള്‍ അടച്ചുപൂട്ടി. 300ഓളം ചെറുകിട പാദരക്ഷാ ഉല്‍പാദന യൂനിറ്റുകളും 700ലധികം അപ്പര്‍ നിര്‍മാണ യൂനിറ്റുകളും 100ഓളം റോ മെറ്റീരിയല്‍ സപ്ലൈ യൂനിറ്റുകളും അടക്കം ഏകദേശം 40,000 പേര്‍ തൊഴിലെടുക്കുന്ന മേഖലയാണിത്. ജിഎസ്ടി അപാകതകള്‍ പരിഹരിക്കുക, റീ ഫണ്ട് വേഗത്തിലാക്കുക, ഇല്ലെങ്കില്‍ പലിശയില്ലാത്ത ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 28ന് ഫൂട്ട്‌വെയര്‍ മേഖല നിശ്ചലമാക്കി കോഴിക്കോട് ജിഎസ്ടി ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തുമെന്നു സമിതി ജനറല്‍ കണ്‍വീനര്‍ പി ശശിധരന്‍, സിഫി സ്റ്റേറ്റ് കൗണ്‍സില്‍ കെ എം ഹമീദലി, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് പി എം എ ഗഫൂര്‍, ഫ്യൂമ പ്രസിഡന്റ് സി പി അബൂബക്കര്‍, സമിതി വൈസ് ചെയര്‍മാന്‍ പി പി അബ്ദുല്‍ ലത്തീഫ്, ജോസ് ജോസഫ് (സിഫി) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it