Flash News

ജിഎസ്ടി : കുടുംബശ്രീ നികുതി വിഹിതം സംസ്ഥാനം തിരിച്ച് നല്‍കും- തോമസ് ഐസക്‌



കോഴിക്കോട്: ജിഎസ്ടി നടപ്പാക്കുമ്പോള്‍ കുടുംബശ്രീ വ്യവസായ യൂനിറ്റുകള്‍ പ്രതിസന്ധിയിലാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന നികുതി വിഹിതം അവര്‍ക്കു തന്നെ തിരികെ നല്‍കുമെന്് ധനമന്ത്രി ഡോ. തോമസ് ഐസക്. നളന്ദ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ ഹോംഷോപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള ചെറുകിട യൂനിറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് ജിഎസ്ടി. ഇതില്‍ ഒരു ശതമാനം കേന്ദ്ര സര്‍ക്കാരിനും ഒരു ശതമാനം സംസ്ഥാന സര്‍ക്കാരിനുമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന ഒരു ശതമാനം നികുതിയാണ് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് തിരിച്ച് നല്‍കുക. ജിഎസ്ടി കൊണ്ട് സംസ്ഥാനത്തിന് നേട്ടമാണുണ്ടാവുക. ജിഎസ്ടി അനുസരിച്ച് നികുതി നിരക്ക് കുത്തനെ കുറയുമെങ്കിലും നികുതി വെട്ടിപ്പ് കുറയും. അതുകൊണ്ട് നികുതി വരുമാനം കുറയില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉപയോഗത്തിന് വാങ്ങുന്ന ഉല്‍പന്നത്തിന്റെ നികുതിവിഹിതവും നികുതി പരിഷ്‌കാരം നടപ്പാവുന്നതോടെ കേരളത്തിന് ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി നടപ്പാക്കുമ്പോള്‍ നികുതി കുറയുന്നതിനാല്‍ വിലയിലുണ്ടാവുന്ന മാറ്റത്തിന്റെ ഗുണം ഉപഭോക്താള്‍ക്ക് ലഭിക്കണമെങ്കില്‍ ഉല്‍പന്നങ്ങളുടെ എംആര്‍പി (പരമാവധി ചില്ലറ വില്‍പന വില) സംബന്ധിച്ചു കൃത്യത വേണം. ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പു തന്നെ പല ഉല്‍പന്നങ്ങളുടെയും എംആര്‍പി കൂട്ടിയിട്ടാണ് ഇപ്പോള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഈ വെട്ടിപ്പ് ഒഴിവാക്കണമെങ്കില്‍ കമ്പനികള്‍ കൃത്യമായ എംആര്‍പി വിലയാണോ ഇടുന്നതെന്ന്് കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്തണം. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കും. കുടുംബശ്രീ ഹോം ഷോപ്പ്് ഉടമകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it