Flash News

ജിഎസ്ടി: ഓര്‍ഡിനന്‍സിന് മന്ത്രിസഭ ശുപാര്‍ശ



തിരുവനന്തപുരം: കേരളാ ചരക്കുസേവന നികുതി ബില്ല്-2017 ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ചരക്കുസേവനനികുതി നടപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ല് 2016 ആഗസ്തില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. കേരളത്തിലും ചരക്കുസേവനനികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ട. ഐഎഎസ് ഉ—ദ്യോഗസ്ഥ കെ വി വല്‍സലകുമാരി എന്നിവരാണ് അംഗങ്ങള്‍. സിനിമാ മേഖലയില്‍ പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മയ്ക്കുവേണ്ടി കഴിഞ്ഞ മെയ് 18ന് ബീന പോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍,  ഫൗസിയ ഫാത്തിമ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് എട്ടിന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു. ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നു പെണ്‍കൂട്ടായ്മ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചലച്ചിത്ര മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി  അന്ന്  ഉറപ്പുനല്‍കിയിരുന്നു. കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം മൂന്നംഗസമിതി രൂപീകരിച്ചത്. അതേസമയം, പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ധന്‍ അന്തരിച്ച ഐ എസ് ഗുലാത്തിയുടെ വീട് പുതുക്കിപ്പണിയുന്നതിനും സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനും 25 ലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു.മുന്‍ എംപിയും എംഎല്‍എയുമായ പി വിശ്വംഭരന്റെ ചികില്‍സയ്ക്കു ചെലവായ 5.89ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലയില്‍ കുമ്പളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച 5 പേരുടെ ആശ്രിതര്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരുലക്ഷം രൂപവീതം നല്‍കാന്‍ തീരുമാനിച്ചു. മരിച്ചവരില്‍ നാലുപേര്‍ നേപ്പാളികളും ഒരാള്‍ മലയാളിയുമാണ്.
Next Story

RELATED STORIES

Share it