Flash News

ജിഎസ്ടി ഒരു മാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍



തിരുവനന്തപുരം: ജിഎസ്ടി ഒരു മാരണമാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജിഎസ്ടി ടൂറിസം മേഖലയെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയെയും സാരമായി ബാധിച്ചു. കേരള ട്രാവല്‍മാര്‍ട്ട് 10ാം എഡിഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തലയില്‍ വീണ ആപത്താണു ജിഎസ്ടി. ഇതു ടൂറിസം മേഖലയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി മീറ്റിങില്‍ പങ്കെടുത്ത വ്യവസായ പ്രതിനിധികള്‍ ജിഎസ്ടിയില്‍ മാറ്റംവരുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.  നിലവിലെ ജിഎസ്ടി കേരളത്തിന്റെ വ്യവസായ മേഖലയെ ബാധിക്കും. നോട്ട് നിരോധനം പൊതുവില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര ടൂറിസത്തെയും നോട്ട് നിരോധനം ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 10ാമത് എഡിഷന്‍ ഔദ്യോഗിക ഉദ്ഘാടനം 2018 സപ്തംബര്‍ 27നു കൊച്ചിയില്‍ നടക്കും. 28, 29, 30 തിയ്യതികളിലാണു ട്രാവല്‍ മാര്‍ട്ട്. ടൂറിസം മേഖലയിലെ വൈവിധ്യം വിളിച്ചോതുന്ന ഉല്‍പ്പന്നങ്ങള്‍ അണിനിരക്കുന്ന 300ഓളം സ്റ്റാളുകള്‍ മേളയിലുണ്ടാവും. മലബാര്‍ ടൂറിസം വികസനമാണു മുഖ്യ ആശയം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ മലബാറിന്റെ ടൂറിസം രംഗത്തു വലിയ വളര്‍ച്ചയുണ്ടാവും. അടുത്ത സപ്തംബറോടെ കണ്ണൂര്‍ വിമാനത്താവളം തുറക്കാനാവുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it