Flash News

ജിഎസ്ടി : ഏറ്റവും അധികം വരുമാനം എക്‌സൈസ് വകുപ്പിനാവുമെന്ന് ഋഷിരാജ് സിങ്



തൃശൂര്‍: ചരക്കുസേവന നികുതി നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന വകുപ്പായി എക്‌സൈസ് വകുപ്പ് മാറുമെന്നും അതിനനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറുമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ഓഫിസര്‍മാരുടെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമവര്‍മപുരം കേരള പോലിസ് അക്കാദമിയിലായിരുന്നു പരേഡ്. നടപ്പുവര്‍ഷം 2,600 കോടി രൂപയുടെ വരുമാനം കണ്ടെത്താനാണ് എക്‌സൈസ് വകുപ്പിന് ആസൂത്രണ കമ്മീഷന്‍ നല്‍കിയ നിര്‍ദേശമെന്നും ഇതു പാലിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഋഷിരാജ് സിങ് പറഞ്ഞു. വ്യാജവാറ്റ്, വ്യാജചാരായം എന്നിവ കേരളത്തില്‍ നിക്ഷേപം ഇല്ലാതാക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 1,43,215 റെയ്ഡുകളാണ് എക്‌സൈസ്  വകുപ്പ് സംസ്ഥാനമാകെ നടത്തിയത്. 26,489 അബ്കാരി കേസുകളെടുത്തു. 23,588 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇതുവരെ 4,299 ലഹരിമരുന്ന് വിരുദ്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 4 ഇരിട്ടിയോളം അധികമാണിത്. 4,608 പേരെ ജയിലിലടച്ചു. 1000 കിലോഗ്രാം കഞ്ചാവും 350 ടണ്‍ പുകയില ഉല്‍പ്പനങ്ങളുമാണു കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എക്‌സൈസ് വകുപ്പ് പിടികൂടിയത്- ഋഷിരാജ്‌സിങ് പറഞ്ഞു. 1331 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ 84 ബിരുദധാരികളും 27 ബിരുദാനന്തരബിരുദം ഉള്ളവരും 9 പേര്‍ ബിടെക്കും 2 പേര്‍ ബിഎഡും ഒരാള്‍ എല്‍എല്‍ബിയും 4 പേര്‍ എംബിഎയും, 3 പേര്‍ എംസിഎയും ഒരാള്‍ എംഎ ബിഎഡും ഒരാള്‍ എംഎ ക്രിമിനോളജിയും 4 പേര്‍ ഡിപ്ലോമയും 2 പേര്‍ ഐടിഐ യും 16 പേര്‍ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്. അക്കാദമി ഡയറക്ടര്‍ അനൂപ് കുരുവിള, ജനപ്രതിനിധികള്‍, മുതിര്‍ന്ന പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it