Flash News

ജിഎസ്ടി ഏകീകരിക്കില്ല

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബുകള്‍ ഏകീകരിക്കുകയെന്ന നിര്‍ദേശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ നിന്ന് അവശ്യവസ്തുക്കളെ ഒഴിവാക്കുമെന്നും മറ്റ് ഉല്‍പന്നങ്ങള്‍ക്ക് 18 ശതമാനം എന്ന സ്ലാബില്‍ നികുതി ഈടാക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പുതിയ പ്രതികരണം.
മെഴ്‌സിഡസ് കാറിനും പാലിനും ഒരേ നിരക്കില്‍ എങ്ങനെ നികുതി ചുമത്താനാകുമെന്ന് ജിഎസ്ടി സ്ലാബ് ഏകീകരണത്തെ എതിര്‍ത്തുകൊണ്ട് മോദി ചോദിച്ചു. ജിഎസ്ടി നടപ്പാക്കി ഒരു വര്‍ഷത്തിനകം പരോക്ഷ നികുതിക്കാരില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്‌പോസ്റ്റ് സമ്പ്രദായം ഒഴിവാക്കുകയും 17 നികുതികള്‍ ഒരുമിച്ചുചേര്‍ക്കുകയും 23 സെസുകള്‍ ഒരൊറ്റ നികുതിയിലേക്കു ചുരുക്കുകയും ചെയ്തു. കേന്ദ്രം ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റ് പോലുള്ള നികുതികള്‍ എന്നിവയെല്ലാം ഒരുമിപ്പിച്ചപ്പോള്‍ പരോക്ഷ നികുതി ഇടപാട് എളുപ്പമായി.
അതേസമയം, ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മതിയായ ആസൂത്രണമില്ലാതെ ജിഎസ്ടി നടപ്പാക്കിയതിലൂടെ സാധാരണക്കാരുടെ ചുമലില്‍ അമിത ഭാരം അടിച്ചേല്‍പിക്കുകയാണ്  കേന്ദ്ര സര്‍ക്കാരെന്നും ജനങ്ങളെ സംബന്ധിച്ച് ജിഎസ്ടി എന്നത് പേടിപ്പെടുത്തുന്ന ഒരു പദമായി മാറിയെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം അഭിപ്രായപ്പെട്ടു.
ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. ജിഎസ്ടിയുടെ ഘടനയിലും നിരക്ക് നിശ്ചയിക്കുന്നതിലും നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പിഴവ് വരുത്തി. നികുതിമാറ്റത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും പാളിച്ച പറ്റി. ഇതെല്ലാം കാരണം ജനങ്ങള്‍ക്കിടയില്‍ ജിഎസ്ടി എന്നത് പേടിപ്പെടുത്തുന്ന ഒരു കാര്യമായി മാറി. ജിഎസ്ടി നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ സാധാരണക്കാരുടെ നികുതിഭാരം ഇരട്ടിയില്‍ അധികമായിരിക്കുകയാണ്.
തെറ്റായി നടപ്പാക്കിയതു മൂലം രാജ്യത്തെ വ്യവസായികളുടെയും ചെറുകിടക്കാരുടെയും നട്ടെല്ലു തകര്‍ന്നു. നികുതി ശേഖരിക്കുന്നവര്‍ക്കു മാത്രമായി ജിഎസ്ടിയുടെ ഗുണഫലങ്ങള്‍. സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ അമിതപ്രാധാന്യം നല്‍കിയും വലിയ കാര്യങ്ങള്‍ മോശം രീതിയിലുമാണ് നടപ്പാക്കുന്നതെന്നും ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it