Middlepiece

ജിഎസ്ടി എത്ര സുന്ദരമായ പദം!

ജിഎസ്ടി എത്ര സുന്ദരമായ പദം!
X


ജിഎസ്ടിയുടെ പൂര്‍ണനാമം പച്ചമലയാളത്തില്‍ ചരക്കുസേവന നികുതി എന്നാണെങ്കിലും ചില രസികന്മാര്‍ അതിന് മറ്റൊരു രസികന്‍ പേര് നല്‍കിയിരിക്കുന്നു- 'ഗ്ലാസ്, സോഡ, ടച്ച്അപ്പ്' എന്നാണ് ആ മഹത്തായ പേര്. ആദ്യം കള്ളുകുടിയന്മാര്‍ക്കിടയിലാണ് ഗ്ലാസില്‍ നിന്ന് തുടങ്ങുന്ന ജിഎസ്ടി പ്രസിദ്ധമായത്. പിന്നെ പിന്നെ ദരിദ്രരും ധനവാന്മാരും അടക്കമുള്ള സാധാരണ ജനം അത് ഏറ്റെടുത്തു ഹിറ്റാക്കി. ഇത്തരമൊരു വിചിത്രമായ പേര് വന്നതിനു പിന്നിലെ ഐതിഹ്യമെന്ത്? കള്ളുകുടിയന്‍മാര്‍ അത് ആദ്യം നെഞ്ചോട് ചേര്‍ത്തുവച്ചത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു മുമ്പ് ചില വിശദീകരണങ്ങള്‍ അത്യാവശ്യമാണ്.  ജിഎസ്ടി എന്ന നികുതി മോദി-ജെയ്റ്റ്‌ലി ദ്വന്ദ്വങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ജനം കരുതി, യഥാര്‍ഥ രാമരാജ്യം സമാഗതമാവുന്നത് ഇപ്പോഴാണെന്ന്. സംഗതി കീശ ചോര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ജിഎസ്ടി താജ്മഹല്‍ പോലെ പൊള്ളുന്ന സത്യമാണെന്ന് ജനത്തിനു ബോധ്യപ്പെട്ടത്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഇല്ലെങ്കിലും തിന്നാനും കുടിക്കാനുമുള്ള വകയ്‌ക്കെല്ലാം വില വാണം പോലെ കുതിച്ചുയര്‍ന്നപ്പോള്‍ വാങ്ങാന്‍ ആളില്ലാതെ വാണിയംകുളം കവലയിലെ രാമേട്ടന്റെ പലചരക്കു കട പൂട്ടി. സൈക്കിള്‍ റിപയര്‍ ചെയ്ത് ജീവിക്കുന്ന കുഞ്ഞാക്ക ഈച്ചയെ ആട്ടിയിരിക്കുന്നു. സൈക്കിള്‍ അറ്റകുറ്റപ്പണിക്ക് ജനം മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നു. കുഞ്ഞാക്ക ഇതിലൊന്നും പതറുന്നില്ല. ടിയാന്‍ മറ്റു വഴി തേടുക തന്നെ ചെയ്യും. സുനാമിയെ അതിജീവിച്ച കുഞ്ഞാക്കയ്ക്ക് മോദിയുടെ സുനാമി ഒരു പ്രശ്‌നമേ അല്ല. ജോസഫ് ചേട്ടന്റെ തുണിപ്പീടികയുടെ കാര്യമാണ് യഥാര്‍ഥത്തില്‍ കട്ടപ്പൊകയായത്. രാവും പകലും ജനം തിങ്ങിനിറഞ്ഞ പീടികയായിരുന്നു. പറഞ്ഞിട്ടെന്ത്? അതൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകള്‍ മാത്രമായി. തുണി സ്റ്റോക്ക് വിറ്റഴിക്കാന്‍ റിഡക്ഷന്‍ വാഗ്ദാനം ചെയ്തു. ഏറ്റില്ല. മണിയില്ലാതെ എങ്ങനെ തുണി വാങ്ങുമെന്ന് ജനം തിരിച്ചു ചോദിച്ചപ്പോള്‍ ജോസഫ് ചേട്ടന്‍ ഒരു തത്ത്വം പറഞ്ഞു: ''പണം ഇന്നു വരും, നാളെ പോവും. എന്നുവച്ച് തുണി വാങ്ങാതിരിക്കുന്നത് കഷ്ടമാണ്. നഗ്നതാ പ്രദര്‍ശനത്തിനുള്ള ശിക്ഷ എന്താണെന്നു കൂടി അറിഞ്ഞിട്ടു പോരേ അന്തിമതീരുമാനം.''വാണിയംകുളം കവലയില്‍ നിന്ന് ഇപ്രകാരം വിളിച്ചുകൂവിയ ജോസഫ് ചേട്ടനോട് ജനം ഇപ്രകാരം പറഞ്ഞു: 'പോടെ പോടെ, കട പൂട്ടി വീട്ടിപ്പോടെ.' തുണിക്കട പൂട്ടി, ചെറുപ്പക്കാരുടെ കള്ളുസംഘത്തില്‍ നിന്ന് ഒരു ദ്രാം റം ഇരന്നുവാങ്ങി മോന്തി ജോസഫ് ചേട്ടന്‍ പഴയ സിനിമാപാട്ട് പാടി: 'നഞ്ച് വാങ്ങി തിന്നാന്‍ പോലും നയാപൈസയില്ല.' ഇങ്ങനെ ഒരുമാതിരിപ്പെട്ടവരെയൊക്കെ ദരിദ്രനാരായണന്മാരാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് മേല്‍പറഞ്ഞ നാമധാരികളില്‍ നിന്നു വ്യക്തമാണല്ലോ! രാമേട്ടന്‍ പലചരക്കുകട പൂട്ടിയെങ്കിലും നിത്യവരുമാനത്തിന് മറ്റു വഴി കണ്ടിട്ടുണ്ട്. കള്ളവാറ്റ് എന്ന മനോഹരമായ ഒരു തൊഴിലിന്റെ സാധ്യതയാണ് തെളിയുന്നത്. ജോസഫ് ചേട്ടനെ ഈ ബിസിനസില്‍ പാര്‍ട്ണറാക്കാന്‍ രാമേട്ടന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനൊന്നും കുഞ്ഞാക്കയെ കിട്ടില്ല. മദ്യം കുഞ്ഞാക്കയ്ക്ക് ഹറാമാണ്. വായ കീറിയവന്‍ ഇര തരും എന്ന വിശ്വാസക്കാരനാണ് അദ്ദേഹം. ജിഎസ്ടി എന്ന കുന്ത്രാണ്ടം വന്നതോടെ പണിയില്ലാതായ കൂലിപ്പണിക്കാരില്‍ ചിലരൊക്കെ, സര്‍ക്കാരിന്റെ മദ്യവില്‍പനശാലകളില്‍ നിന്ന് വാങ്ങിയ കുപ്പി, അമിതവിലയ്ക്കു വിറ്റ് കരപിടിക്കുന്നുണ്ട്. ഒരു പണിയും തരപ്പെടാത്തവരാണ് ഗ്ലാസ്, സോഡ, ടച്ച് അപ്പ് എന്ന് ജിഎസ്ടിക്ക് പൂര്‍ണനാമം നല്‍കിയത്.ജിഎസ്ടി കേരളത്തിന് വാരിക്കോരിത്തരും എന്ന് പ്രഖ്യാപിച്ച മന്ത്രി തോമസ് ഐസക് ചേട്ടനെയും കാണാനില്ല. ആശാനും മുങ്ങിയോ പടച്ചോനേ? ജനം നട്ടെല്ലൊടിഞ്ഞ് കോമയിലും അത്യാഹിത വിഭാഗത്തിലുമാണെങ്കിലും ജിഎസ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് മോദിയാശാന്‍ പറയുന്നത്. നട്ടെല്ലും മസിലും വലുതായിവരുന്ന രാഹുലന്‍ അതിനു നല്‍കിയ മറുപടിയാണ് ക്ലാസിക് നിലവാരത്തിലെത്തുന്നത്: 'ജിഎസ്ടി ഭീകരവാദ നികുതി സുനാമിയാണ് മോനേ.' സംഭവങ്ങളെ കോര്‍ത്തിണക്കി വിശകലനം ചെയ്യുമ്പോള്‍ ഇങ്ങനെയാവാം: 'ജിഎസ്ടി എത്ര സുന്ദരമായ പദം!'
Next Story

RELATED STORIES

Share it