Flash News

ജിഎസ്ടി : ആശങ്ക പ്രകടിപ്പിച്ച് ഹോട്ടല്‍, ടൂറിസം മേഖലകള്‍



തിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ്ടി) അടുത്തമാസം ഒന്നിന് നടപ്പാക്കാനിരിക്കെ ആശങ്ക പ്രകടിപ്പിച്ച് ഹോട്ടല്‍, ടൂറിസം മേഖലകള്‍. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും പുതിയ നികുതി ഘടനയെന്ന് സൗത്ത് കേരള ഹോട്ടലേഴ്‌സ് ഫോറം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ നികുതിഘടന ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്നും സംസ്ഥാനത്തിന് ഇതുവഴി കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഫോറം പ്രസിഡന്റ് ചാക്കോ പോള്‍ പറഞ്ഞു. പുതിയ നികുതിഘടന അനുസരിച്ച് ഹോട്ടല്‍ മുറികള്‍ക്കുള്ള നികുതി 28 ശതമാനവും ഭക്ഷണത്തിന് 18 ശതമാനവുമാണ്  നിശ്ചയിച്ചിരിക്കുന്നത്. ഇത് വലിയ വര്‍ധനവാണെന്നും ടൂറിസം മേഖലയ്ക്ക് യാതൊരു ലാഭവും ഇതുവഴി ലഭിക്കില്ലെന്നും ഫോറം പ്രതിനിധികള്‍ പറയുന്നു. കുറച്ചുമാസങ്ങള്‍ മാത്രമാണ് ടൂറിസം സീസണ്‍ വരുന്നത്്. നികുതി വര്‍ധിപ്പിച്ചാല്‍ വിദേശ ടൂറിസ്റ്റുകള്‍ സംസ്ഥാനത്തേക്കു വരാതെയാവും. വിദേശ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിപ്പിക്കുന്നതല്ല പുതിയ നികുതിഘടന. മുറിവാടക നികുതി മറ്റു രാജ്യങ്ങളില്‍ ഇന്ത്യയിലേതില്‍ നിന്നും സാമാന്യം കുറവുമാണ്. സ്വാഭാവികമായും വിദേശ ടൂറിസ്റ്റുകള്‍ നികുതി കുറവുള്ള ഇത്തരം രാജ്യങ്ങളിലേക്ക് പോവും. അങ്ങനെ കേരളത്തില്‍ ടൂറിസം മേഖല ഇല്ലാതാവും. ജിഎസ്ടി നടപ്പാക്കുന്നതോടെ ടൂറിസം മേഖല നേരിടാന്‍ പോവുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്നും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരണം. തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് ഉടന്‍തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഹോട്ടലേഴ്‌സ് ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി മുരുകന്‍, ചന്ദ്രശേഖരന്‍ നായര്‍, ശിശുപാലന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it