Flash News

ജിഎസ്ടി : അടുത്ത മാസം മുതല്‍ സ്വര്‍ണവില കൂടും



കെ  എ  സലിം

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വര്‍ണം, ബ്രാന്‍ഡഡ് ധാന്യ ഉല്‍പന്നങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവയുടെ വില കൂടും. സ്വര്‍ണത്തിന് മൂന്ന് ശതമാനവും ബ്രാന്‍ഡഡ് ധാന്യ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടിയുടെ മുഴുവന്‍ ചട്ടങ്ങള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ കേരളത്തില്‍ സ്വര്‍ണത്തിന് ഒരു ശതമാനമാണ് നികുതി. ഇതു മൂന്ന് ശതമാനമായി ഉയരും. ബ്രാന്‍ഡഡ് അല്ലാത്ത ധാന്യ ഉല്‍പന്നങ്ങള്‍ക്ക് നികുതിയുണ്ടാവില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. തുണിത്തരങ്ങളില്‍ കോട്ടണ്‍, ഫൈബര്‍ എന്നിവയ്ക്ക് അഞ്ച് ശതമാനമാണ് നികുതി. റെഡിമെയ്ഡ് ആണെങ്കില്‍ 12 ശതമാനമായിരിക്കും. സിന്തറ്റിക് തുണിക്ക് 18 ശതമാനവും ഗാര്‍മെന്റ്‌സിന് 12 ശതമാനവും നികുതിയുണ്ടാവും. എല്ലാ ബിസ്‌കറ്റുകള്‍ക്കും 18 ശതമാനം നികുതിയുണ്ടാവും. 500 രൂപയില്‍ താഴെ വില വരുന്ന ചെരുപ്പിന് അഞ്ച് ശതമാനവും അതിനു മുകളില്‍ വരുന്ന ചെരുപ്പിന് 18 ശതമാനവുമാണ് നികുതി. ബീഡിക്ക് 28 ശതമാനം നികുതി ഈടാക്കുമെങ്കിലും സെസ്സുണ്ടാകില്ല. സിഗരറ്റിന് 200 ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും ബീഡിക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ നികുതി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ നികുതിഘടനസംബന്ധിച്ച്  പരാതി നല്‍കുന്നതിനും ഇതു നിരീക്ഷിക്കുന്നതിനും സമിതിക്ക് രൂപം നല്‍കും.
Next Story

RELATED STORIES

Share it