ജാവ്‌ദേകറെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്‌ദേകറെയും സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളിനെയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. വിഷയം ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിനു കീഴില്‍ പരീക്ഷാ മാഫിയ പ്രോല്‍സാഹിപ്പിക്കപ്പെടുകയാണെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച ദശലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ പ്രതീക്ഷകളും ഭാവിയും തകര്‍ക്കുകയാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.
ഈ സര്‍ക്കാരിന്റെ കീഴില്‍ ഒട്ടേറെ ചോര്‍ച്ചകള്‍ ഉണ്ടായി. കാവല്‍ക്കാരന്‍ ദുര്‍ബലനാണെന്നാണ് അത് കാണിക്കുന്നത്- മോദിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ജാവദേക്കറെയും അനിത കര്‍വാളിനെയും പുറത്താക്കണമെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും ആവശ്യപ്പെട്ടു. അതേസമയം, റദ്ദാക്കിയ രണ്ടു പരീക്ഷകളുടെ പുതിയ തിയ്യതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സിബിഎസ്ഇ പ്രഖ്യാപിക്കുമെന്ന് കരുതുന്നതായി ജാവദേക്കര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനപ്പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികള്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധിച്ചു.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളുര്‍ത്തിയാണ് എത്തിയത്. പരീക്ഷകള്‍ക്ക് ഒരു ദിവസം മുമ്പ് എല്ലാ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും പുനപ്പരീക്ഷ നടത്തുന്നുവെങ്കില്‍ അത് എല്ലാ വിഷയത്തിലും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പത്താംതരം ഗണിതശാസ്ത്രം, 12ാംതരം സാമ്പത്തിക ശാസ്ത്രം എന്നീ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്നാണ് ഔദ്യോഗികമായി അറിയിച്ചത്.
Next Story

RELATED STORIES

Share it