ജാലകം തുറന്നു; ശേഷം അഭ്രപാളിയില്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകസിനിമയുടെ ജാലകം മലയാളക്കരയിലേക്ക് തുറന്നിട്ടു. ഇനി ആസ്വാദനത്തിന്റെ ദിനരാത്രങ്ങള്‍. ഔപചാരിക തുടക്കം ഇന്നു വൈകീട്ട് നിശാഗന്ധിയിലാണെങ്കിലും രാവിലെ 10 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. ഉദ്ഘാടന ചിത്രം‘ഇന്‍സള്‍ട്ട് അടക്കം 16 സിനിമകള്‍ ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. കൈരളി തിയേറ്ററില്‍ രാവിലെ 10ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഇസ്രായേല്‍ ചിത്രം ദി ഹോളി എയര്‍,’മുഖ്യവേദിയായ ടാഗൂറില്‍ പ്രദര്‍ശിപ്പിക്കുന്ന കിങ് ഓഫ് പെക്കിങ്’എന്നിവയാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേളയിലെ ആദ്യചിത്രങ്ങള്‍.ഉദ്ഘാടനത്തിനു മുമ്പ് ടാഗൂര്‍ തിയേറ്റര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ മൂന്നുവീതം പ്രദര്‍ശനങ്ങളാണു നടക്കുന്നത്. നിശാഗന്ധിയില്‍ മൂന്നും മറ്റെല്ലാ തിയേറ്ററുകളിലും നാലുവീതവും പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാളെ മുതല്‍ തിയേറ്ററുകളെല്ലാം സജീവമാവും. ചലച്ചിത്രമേളയെ സജീവമാക്കാന്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ഡെലിഗേറ്റുകള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രധാനവേദിയായ ടാഗൂര്‍ തിയേറ്ററും നിശാഗന്ധിയും ഉല്‍സവപ്രതീതിയിലാണ്. ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളും തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. ഹോങ്കോങില്‍ നിന്നുള്ള ലോകപ്രശസ്ത ഫിലിം എഡിറ്റര്‍ മേരി സ്റ്റീഫന്‍ ആണ് ആദ്യമെത്തിയത്. വിവിധ അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളറാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. അദ്ദേഹം നാളെ തലസ്ഥാനത്തെത്തും. രാജ്യാന്തര പാനലില്‍ അഞ്ച് ജൂറി അംഗങ്ങളും ഫിപ്രസി, നെറ്റ്പാക് പാനലുകളില്‍ മൂന്നുവീതം അംഗങ്ങളുമാണുള്ളത്. എല്ലാവരും ഇന്നും നാളെയുമായി എത്തിച്ചേരും. ജൂറി അംഗങ്ങള്‍ക്കുള്ള പ്രത്യേക പ്രദര്‍ശനം ഏരീസ് പ്ലക്‌സ് തിയേറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്.അതേസമയം, മേളയോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച മലയാള സിനിമയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം നടന്‍ മധു ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന്‍ മധു പൊന്നാടയണിയിച്ച് ആദരിച്ചു. ഓര്‍മച്ചിത്രങ്ങള്‍ എന്ന പേരില്‍ പഴയകാല സിനിമകളുടെ ചിത്രീകരണവിശേഷങ്ങളും മുന്‍കാല സിനിമാ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.
Next Story

RELATED STORIES

Share it