Flash News

ജാര്‍ഖണ്ഡ് നിരോധനം: പോപുലര്‍ ഫ്രണ്ടിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ-സാംസ്‌കാരിക സംഗമം

ജാര്‍ഖണ്ഡ് നിരോധനം: പോപുലര്‍ ഫ്രണ്ടിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ-സാംസ്‌കാരിക സംഗമം
X
കോഴിക്കോട്: ജാര്‍ഖണ്ഡില്‍ ഫാഷിസ്റ്റ് ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയ പോപുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ-സാംസ്‌കാരിക കേരളത്തിന്റെ ഐക്യദാര്‍ഢ്യം. 'ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ' എന്ന പ്രമേയത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസംഗമത്തിലാണ് ജാര്‍ഖണ്ഡ്് ഭരണകൂടത്തിന്റെ നിരോധന നടപടികളെ തള്ളി സാംസ്‌കാരിക കേരളം പോപുലര്‍ ഫ്രണ്ടിന് പിന്തുണ പ്രഖ്യാപിച്ചത്. സംഗമത്തില്‍ സംസാരിച്ച വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചു.
ജാര്‍ഖണ്ഡിലെ ഖനനസമ്പത്ത് കൊള്ളയടിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഒളിയജണ്ടയുടെ ഭാഗമാണ് പോപുലര്‍ ഫ്രണ്ടിന്റെ നിരോധനമെന്ന് ഐക്യദാര്‍ഢ്യ പ്രസംഗം നടത്തിയ തേജസ് ചീഫ്് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. ഖനനലോബികളുടെ രാഷ്ട്രീയമാണ് ജാര്‍ഖണ്ഡില്‍ വര്‍ഷങ്ങളായി നടന്നുവരുന്നത്. ഇതിനായി സാധാരണ മനുഷ്യരെ കുടിയൊഴിപ്പിച്ചും ഭിന്നിപ്പിച്ചും വഴിയൊരുക്കുകയാണ്. ഭരണകൂട താല്‍പര്യങ്ങള്‍ക്കെതിരേ സാധാരണ മനുഷ്യരാണ് അവിടെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തെ പിന്തണയ്ക്കുന്നതുകൊണ്ടാണ് പോപുലര്‍ ഫ്രണ്ടിനെതിരേ നിരോധനം പുറപ്പെടുവിച്ചത്.


സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന 14 സംഘടനകളെയാണ് ജാര്‍ഖണ്ഡില്‍ നിരോധിച്ചത്. സാധാരണ ഖനിത്തൊഴിലാളികളുടെ സംഘടനപോലും ഈ പട്ടികയിലുണ്ട്. രാജ്യം ഫാഷിസ്റ്റ് ലക്ഷണങ്ങളോടെ ഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഇതു തിരിച്ചറിഞ്ഞ് നിലപാടെടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും വിലക്കേര്‍പ്പെടുത്തുന്നു. തേജസിനെതിരേയും ഇത്തരത്തിലുള്ള നീക്കങ്ങളാണ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടാവുന്നതെന്നും ചെക്കുട്ടി പറഞ്ഞു.
തുല്യനീതി അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഫാഷിസ്റ്റുകളെ പ്രേരിപ്പിക്കുന്നത് സംഘടനയുടെ ഈ നിലപാട് തന്നെയാണെന്നും ഈ നിലപാടാണ് രാജ്യദ്രോഹമെങ്കില്‍ ഈ രാജ്യദ്രോഹം തുടരുക തന്നെ ചെയ്യുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പോപുലര്‍ ഫ്രണ്ട്് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി സവര്‍ണ ഭരണകൂടശക്തികള്‍ ഭിന്നിപ്പിച്ചും അകറ്റിയും നിര്‍ത്തിയ വിഭാഗത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂട ഭീകരതയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഏക സംഘടന പോപുലര്‍ ഫ്രണ്ടാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. ബാബരി മസ്ജിദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ പരുങ്ങി നിന്ന്് ഒളിജീവിതം നയിച്ച മുസ്‌ലിം സംഘടനകള്‍ക്കു മുന്നില്‍, ഒളിജീവിതം സാധ്യമല്ലെന്നു പ്രഖ്യാപിച്ചതാണ് പോപുലര്‍ ഫ്രണ്ടിനെ വ്യത്യസ്തമാക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ പോപുലര്‍ ഫ്രണ്ടിനെ മനസ്സിലാക്കണം. അവര്‍ തീവ്രവാദികളാണെന്നാണ് ആരോപണം. 52 വെട്ട് വെട്ടി ഒരു മനുഷ്യനെ കൊലപ്പെടുത്തിയവര്‍പോലും ഈ സംഘടനയെ വിമര്‍ശിക്കുന്നു. തലയേക്കാള്‍ വലുതല്ല കൈ എന്ന്് വിമര്‍ശകര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്‍മൂലനസിദ്ധാന്തത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നവരാണ് പോപുലര്‍ ഫ്രണ്ട് പോലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ മോചനത്തിനായി നിലകൊള്ളുന്നവരെ തീവ്രവാദികളാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ എ വാസു പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.
എസ്്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ലത്തീഫ്, ദലിത് ചിന്തകന്‍ കെ കെ ബാബുരാജ്, ഡോക്യുമെന്ററി സംവിധായകരായ ഗോപാല്‍ മേനോന്‍, രൂപേഷ് കുമാര്‍, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ദേശീയ കോ-ഓഡിനേറ്റര്‍ വി ആര്‍ അനൂപ്, ബഹുജന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ രമേശ് നന്‍മണ്ട, എന്‍എസ്‌സി സംസ്ഥാന സെക്രട്ടറി ഒ പി ഐ കോയ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാലാഴി, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. അബ്ദുല്‍ഖാദര്‍, ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി കണ്‍വീനര്‍ കെ എം പവിത്രന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it