ജാര്‍ഖണ്ഡ് കൊലപാതകങ്ങള്‍: അസഹിഷ്ണുതയുടെ ക്രൂരത ചൂണ്ടിക്കാട്ടി മോദിക്ക് ആസാദിന്റെ കത്ത്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാടുകളുമായി പോവുകയായിരുന്ന 12 വയസ്സുകാരനടക്കമുള്ള രണ്ട് മുസ്ലിംകളെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സംഭവത്തിന്റെ ഗൗരവവും ക്രൂരതയും ചൂണ്ടിക്കാണിച്ച കത്ത് ഇത്തരത്തിലുള്ള ക്രൂരതയും ആള്‍ക്കൂട്ടത്തിന്റെ ഹിംസയും ജനാധിപത്യ സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിലാണ് നടക്കാറുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി.
നിയമവ്യവസ്ഥയാല്‍ നയിക്കപ്പെടുന്ന മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നുവെന്ന് ആസാദ് പറഞ്ഞു. ക്രൂരമായ പീഡനത്തിനാണ് മുഹമ്മദ് മജ്‌ലൂമും ആസാദ് ഖാനും ഇരയായതെന്നും ഇത് അക്രമകാരികള്‍ക്ക് ഇവരോട് കടുത്ത വെറുപ്പുണ്ടായിരുന്നുവെന്നാണ് കാണിക്കുന്നതെന്നുമുള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ആസാദ് കത്തില്‍ ഉദ്ധരിച്ചു.
ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് കഴിഞ്ഞ നാളുകളില്‍ ന്യൂനപക്ഷ സമുദായത്തിനു നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. ദാദ്രി, കേരള ഹൗസിലെ ബീഫ് വിവാദം, അലിഗഡ് സര്‍വകലാശാലക്കെതിരായ നീക്കങ്ങള്‍, രാജസ്ഥാന്‍ മെവാര്‍ സര്‍വകലാശാലയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരേയുണ്ടായ പോലിസ് നടപടി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. വിദ്വേഷം നിറഞ്ഞ സംഭവപരമ്പരകളിലെ അവസാനത്തെ അധ്യായം മാത്രമാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായത്.
മാട് വ്യാപാരികള്‍ക്കെതിരയ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അക്രമകാരികളായ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍തന്നെ ബൊകാറൊ ജില്ലയില്‍ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലിക്കിടെ മുസ്‌ലിംകളുടെ കടകള്‍ അഗ്നിക്കിരയാക്കിയ സംഭവമുണ്ടായി. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാടുകളെ കൊണ്ടുപോവുന്നതും കച്ചവടം ചെയ്യുന്നതും സുരക്ഷിതമാക്കണം. ഇത്തരം പ്രവൃത്തികള്‍ ഗോവധമായി സ്വയം തീരുമാനിച്ച് സംഘപരിവാരം ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരെ മൃഗീയമായി അക്രമിക്കുകയാണ്.
ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഭീഷണികളും ആള്‍ക്കൂട്ട ഹിംസയും വര്‍ധിച്ചിട്ടുണ്ട്. മേല്‍ക്കോയ്മയുള്ള ആശയങ്ങള്‍ക്ക് മാത്രം മനപ്പൂര്‍വം പ്രചാരവും പിന്തുണയും നല്‍കുന്നതിലൂടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സാമൂഹിക സഹവര്‍തിത്വത്തിന്റെയും സമാധാനത്തിന്റെയും നിലനില്‍പ് തന്നെയാണ് അപകടത്തിലായിരിക്കുന്നതെന്നും ഗുലാം നബി ആസാദ് എഴുതി.
Next Story

RELATED STORIES

Share it