Flash News

ജാര്‍ഖണ്ഡ്‌ നിരോധനം ജനാധിപത്യവിരുദ്ധം

ജാര്‍ഖണ്ഡ്‌ നിരോധനം ജനാധിപത്യവിരുദ്ധം
X
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളെ ലക്ഷ്യംവയ്ക്കുന്ന ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ച്ആര്‍ഒ).
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദിവാസികളടക്കം 4000ഓളം പേരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു. സംഘടനാ ചെയര്‍പേഴ്‌സന്‍ പ്രഫ. എ മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വസ്തുതാ അന്വേഷണസംഘം ജാര്‍ഖണ്ഡ് സന്ദര്‍ശിച്ചശേഷം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മസ്ദൂര്‍ സംഘടന്‍ സമിതി (എംഎസ്എസ്), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് എ മാര്‍ക്‌സ് ആവശ്യപ്പെട്ടു.



1985 മുതല്‍ ജാര്‍ഖണ്ഡിലെ ഖനനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 20,000ല്‍ അധികം അംഗങ്ങളുള്ള തൊഴിലാളിസംഘടനയാണ് എംഎസ്എസ്. ഇരുസംഘടനകളെയും ക്രിമിനല്‍ അമെന്റ്‌മെന്റ് ആക്റ്റ് (സിഎല്‍എ) എന്ന കൊളോണിയല്‍ കാലത്തെ കര്‍ക്കശമായ നിയമം ഉപയോഗിച്ചാണ് നിരോധിച്ചത്.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയ ശേഷം 22 ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ നടന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികളും നിയമപോരാട്ടവും നടത്തിയത് പോപുലര്‍ ഫ്രണ്ടായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും നിരോധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഐഎസ് ബന്ധ ആരോപണത്തിനു സര്‍ക്കാരിനു തെളിവു നല്‍കാനായിട്ടില്ല.
1908ലെ ബ്രിട്ടിഷ് സാമ്രാജ്യത്വകാലത്തെ കരിനിയമമായ സിഎല്‍എ പിന്‍വലിക്കണം. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം നല്‍കണം. നിഷ്‌കളങ്കരായ ആദിവാസി യുവാക്കളെ ജയിലിലടച്ച നടപടിക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികവര്‍ഗ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍സിഎച്ച്ആര്‍ഒ നാഷനല്‍ സെക്രട്ടറി റെനി ഐലിന്‍, ഡല്‍ഹി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാര്‍ ഇന്‍ഡോറി പങ്കെടുത്തു.
Next Story

RELATED STORIES

Share it