Flash News

ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരിലുള്ള കൊല: തൗഹീദ് അന്‍സാരിയെ തീയിട്ടത് കൊന്നതിനു ശേഷം?

റാഞ്ചി: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ വീണ്ടും മനസ്സ് മരവിപ്പിക്കുന്ന ക്രൂരത. രാംഗഡില്‍ തല്ലിച്ചതച്ച് തീയിട്ട് വികൃതമാക്കിയ രീതിയിലുള്ള മുസ്‌ലിം യുവാവിന്റെ ഫോട്ടോ പുറത്തുവന്നതിനു പിന്നാലെ ലഭിച്ച വീഡിയോ സംഭവത്തെക്കുറിച്ച് നിരവധി ദുരൂഹതകള്‍ ഉയര്‍ത്തുന്നു. യുപിയിലെ ഹാപൂരില്‍ പശുവിനെ കൊന്നെന്ന ഊഹാപോഹത്തെ തുടര്‍ന്ന് ഖാസിം എന്ന 45കാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. ചൊവ്വാഴ്ചയാണ് തൗഹീദ് അന്‍സാരി എന്ന യുവാവ് തല്ലിച്ചതയ്ക്കപ്പെട്ട് പാതിവെന്ത നിലയില്‍ മരിച്ചുകിടക്കുന്ന ഫോട്ടോ പുറത്തുവന്നത്. എന്നാല്‍, ഇതിനു പിന്നാലെ ലഭിച്ച 43 സെക്കന്‍ഡുള്ള വീഡിയോയില്‍ പരിക്കിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ മൃതദേഹം കിടക്കുന്ന കാഴ്ചയാണുള്ളത്. വസ്ത്രത്തില്‍ പോലും ചെളിയോ മറ്റോ പുരണ്ടതായി കാണുന്നില്ല.
പോലിസുകാരുള്‍പ്പെടെ ഡസനോളം പേര്‍ മൃതദേഹത്തിനു ചുറ്റും കൂടിനില്‍ക്കുന്നുണ്ട്. സംഭവം രാവിലെ 9 മണിയോടെയാണെന്ന് വീഡിയോ പകര്‍ത്തിയയാളുടെ സംസാരത്തില്‍ നിന്നു വ്യക്തമാണ്. അന്‍സാരിയുടെ കുടുംബം അദ്ദേഹം മരിച്ച വിവരമറിഞ്ഞത് 11 മണിക്കാണെന്ന് അദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നിന്നു വ്യക്തമാവുന്നു. 9 മണിക്ക് മരിച്ച അന്‍സാരിയെ രണ്ട് മണിക്കൂര്‍ എന്തുചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്. മരിച്ച ശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ ആസിഡോ ചൂട് വെള്ളമോ ഒഴിച്ച് വികൃതമാക്കി ആരോ റെയില്‍വേ ട്രാക്കിന് സമീപം തള്ളുകയായിരുന്നു.
ജൂണ്‍ 19ന് രാവിലെ 5 മണിയോടെയാണ് ചീത്താപൂരില്‍ ഒരു ജോലിക്ക് വേണ്ടി മകന്‍ പോയത്. 11 മണിയോടെ മകന്റെ മൃതദേഹം ചിത്താപൂര്‍ റെയില്‍വേ ട്രാക്കിന് 40 അടി അകലെ കിടക്കുന്നതായി വിവരം കിട്ടി. ക്രൂരമായി മര്‍ദിച്ച് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ച രീതിയിലായിരുന്നു മൃതദേഹം- പിതാവ് ഖലീല്‍ അന്‍സാരി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.അവിടെ നിന്ന് അരക്കിലോമീറ്റര്‍ അകലെ മകന്റെ മോട്ടോര്‍ സൈക്കിള്‍ വീണുകിടക്കുന്നത് കണ്ടെത്തിയതായും പരാതിയില്‍ ഉണ്ട്. പ്രാദേശിക മാധ്യമങ്ങളും പോലിസും ഒരു വാഹനാപകടത്തെക്കുറിച്ചും പറയുന്നുണ്ട്.
ദൈനിക് ഭാസ്‌കറില്‍ വന്ന റിപോര്‍ട്ട് പ്രകാരം ഒരു വാഹനം മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് താഴെ വീണതോടെ അതിന്റെ ഡിക്കിയില്‍ നിന്ന് ഇറച്ചിയടങ്ങിയ ബാഗുകള്‍ റോഡിലേക്ക് തെറിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ബൈക്കിലുണ്ടായിരുന്നയാള്‍ ഉടന്‍ ഓടി രക്ഷപ്പെട്ടുവെന്നും തുടര്‍ന്ന് അയാളുടെ മൃതദേഹം 12 മണിയോടെ റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയെന്നും റിപോര്‍ട്ട് തുടരുന്നു. പിന്നീട് ബൈക്കും മാംസവും പോലിസ് പിടിച്ചെടുത്തു. ചുവന്ന ടീഷര്‍ട്ടിട്ട ഒരാള്‍ കാട്ടിലേക്ക് ഓടിപ്പോവുന്നത് കണ്ടതായി(അന്‍സാരി ധരിച്ചിരുന്നത് ചുവന്ന ടീഷര്‍ട്ടാണ്) വീഡിയോയില്‍ ഒരാള്‍ പറയുന്നുണ്ട്. ഇയാള്‍ ചുഴലി രോഗം വന്ന് വീണതായിരിക്കാമെന്ന് മറ്റൊരാള്‍ പറയുന്നു. 9മണിയോടെ അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയിട്ടും പോലിസ് എന്ത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്. മൃതദേഹം വികൃതമാക്കാന്‍ നാട്ടുകാര്‍ക്ക് പോലിസ് വിട്ടുകൊടുക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നു. ഒരാഴ്ച മുമ്പാണ് ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയില്‍ കന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ ഒരു സംഘം തല്ലിക്കൊന്നത്.
Next Story

RELATED STORIES

Share it