ജാര്‍ഖണ്ഡില്‍ പട്ടിണി മരണംഅന്വേഷണത്തിന് ഉത്തരവ്‌

റാഞ്ചി: ഗിരിദ് ജില്ലയില്‍ പട്ടിണി മൂലം വയോധിക മരിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ വയോധികയ്ക്കു ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നില്ല. അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യ പൊതു വിതരണ മന്ത്രി സരയുറായ്, ഗിരിദ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
മനഘാര്‍ഡി ഗ്രാമത്തിലെ 58കാരിയായ സാവിത്രി ദേവിയാണു പട്ടിണിമൂലം മരിച്ചത്. ഇവരുടെ റേഷന്‍കാര്‍ഡ് 2012ല്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. അതിനാല്‍ റേഷന്‍കടയില്‍ നിന്നു ഭക്ഷ്യസാധനങ്ങള്‍ ലഭിച്ചിരുന്നില്ല. മൂന്നു ദിവസമായി അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ല.
ഞായറാഴ്ചയാണു പരിസരവാസികള്‍ സാവിത്രിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് മരിച്ചിരുന്നു. രണ്ട് ആണ്‍മക്കള്‍ ജീവിതമാര്‍ഗം തേടി ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കുടിയേറിയിരിക്കുകയാണ്. സാവിത്രിക്ക് തളര്‍വാതം ഉണ്ടായിരുന്നുവെന്നും അതായിരിക്കാം മരണകാരണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സാവിത്രിക്ക് റേഷന്‍ കാര്‍ഡില്ലെന്നും വാര്‍ധക്യ പെന്‍ഷന്‍ കിട്ടുന്നില്ലെന്നും മെയിന്‍പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാംപ്രസാദ് മഹാതെ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഗാര്‍വാ ജില്ലയിലെ സോന്‍പൂര്‍വ ഗ്രാമത്തില്‍ പട്ടിണിമൂലം 67കാരിയായ ഫത്‌വരിയ്യ ദേവി മരിച്ചിരുന്നു.
Next Story

RELATED STORIES

Share it