Flash News

ജാര്‍ഖണ്ഡില്‍ നോമ്പ് തുറ സമയത്ത് ഹിന്ദുത്വരുടെ ആക്രമണം; 20 മുസ്‌ലിം കുടുംബങ്ങള്‍ കലക്ടറേറ്റില്‍ അഭയം തേടി

ജാര്‍ഖണ്ഡില്‍ നോമ്പ് തുറ സമയത്ത് ഹിന്ദുത്വരുടെ ആക്രമണം; 20 മുസ്‌ലിം കുടുംബങ്ങള്‍ കലക്ടറേറ്റില്‍ അഭയം തേടി
X

റാഞ്ചി: ജാര്‍ഖണ്ഡിലെ കോദാര്‍മ ജില്ലയില്‍ നോമ്പ് തുറ സമയത്ത് ഹിന്ദുത്വരുടെ ആക്രമണം. ഭയചകിതരായ 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ വീടുവിട്ടോടി. 250 വീടുകളുള്ള കൊദാര്‍മയില്‍ 20 മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. പ്രദേശത്ത് മസ്ജിദ് നിര്‍മിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ ദീര്‍ഘനാളായി പ്രചരണം നടത്തിവരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും സമാനമായ രീതിയില്‍ മുസ്‌ലിംകളെ ആക്രമിക്കുകയും മസ്ജിദ് കൈയേറുകയും ചെയ്തിരുന്നു. അതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് വെള്ളിയാഴ്ച്ച നടന്നത്. നേരത്തേ നടന്ന ആക്രമണത്തില്‍ മുസ്‌ലിംകള്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്ക് ഊര് വിലക്ക് ഏര്‍പ്പെടുത്തി. ഗ്രാമത്തിലെ കടകളില്‍ നിന്ന് മുസ്‌ലിംകള്‍ എന്തെങ്കിലും വാങ്ങുന്നത് തടഞ്ഞിരുന്നു. പൊതു കിണര്‍ ഉപയോഗിക്കുന്നതിന് പോലും അനുവദിച്ചിരുന്നില്ല.

വെള്ളിയാഴ്ച്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്ന് മുസ്‌ലിംകള്‍ മറ്റൊരു പരാതി കൂടി പോലിസില്‍ നല്‍കിയിട്ടുണ്ട്. വാള്‍, മഴു, ലാത്തി തുടങ്ങിയ മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു. നോമ്പ് തുറന്നു കൊണ്ടിരിക്കേ നൂറു കണക്കിന് വരുന്ന ജനക്കൂട്ടം മസ്ജിദിലേക്ക് ഇരച്ചു കയറുകയും ആളുകളെ തല്ലിച്ചതക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ജിദിന് കേട്പാട് വരുത്തിയ അക്രമികള്‍ ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഗ്രാമം വിട്ടില്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊല്ലുമെന്ന് സംഘപരിവാര ഗുണ്ടകള്‍ ഭീഷണി മുഴക്കി.

ഭയചകിതരായ കുടുംബങ്ങള്‍ രാത്രിയില്‍ തന്നെ വീട് വിട്ടോടി എട്ട് കിലോമീറ്റര്‍ അകലെയുള്ള ജില്ലാ കലക്ടറേറ്റില്‍ അഭയം തേടുകയായിരുന്നു. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുകയോ മറ്റൊരു സ്ഥലത്ത് തങ്ങളെ പുനരധിവസിപ്പിക്കുകയോ ചെയ്യണമെന്ന് പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി ആക്രമണങ്ങളാണ് മുസ്‌ലിംകള്‍ക്കെതിരേ നടന്നത്. പശുവിന്റെ പേരിലും മറ്റും ഒരു ഡസനിലേറെ മുസ്‌ലിംകളെയാണ് തല്ലിക്കൊന്നത്.
Next Story

RELATED STORIES

Share it