ജാര്‍ഖണ്ഡിലെ നിരോധനം പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: നിരോധനത്തിന്റെ മറവില്‍ ജാര്‍ഖണ്ഡിലെ നേതാക്കളെയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞമാസം 20നു പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ ശേഷം സംഘടന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ നിരോധനത്തിന്റെ മറവില്‍ അധികൃതര്‍ തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകള്‍ അടക്കം ചുമത്തി പീഡിപ്പിക്കുന്നുവെന്നു നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പോലിസിന്റെ ഇത്തരം നടപടികളെ രൂക്ഷമായി വിമര്‍ശിച്ച നേതാക്കള്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അനീസ് അഹ്മദ്, എക്്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാന്‍, വടക്കന്‍ മേഖലാ പ്രസിഡന്റ് എ എസ് ഇസ്മായില്‍ പങ്കെടുത്തു.
ജാര്‍ഖണ്ഡിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പോലിസ് അതിക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ നിലപാട് എടുത്തതാണു നിരോധനത്തിനു പിന്നിലെന്നു നേതാക്കള്‍ ആരോപിച്ചു. സംസ്ഥാനത്ത് സംഘപരിവാര സംഘടനകള്‍ നടത്തിയ തല്ലിക്കൊലകളുടെ ഇരകള്‍ക്കു വേണ്ടി നിയമനടപടികള്‍ സ്വീകരിച്ചതു സംഘടനയാണ്. ബിജെപി നേതാവ് ഹിസാബി റോയ്് ഉള്‍പ്പെട്ടവയടക്കം ആറു കേസുകളില്‍സംഘടന ഇടപെട്ടിട്ടുണ്ട്. ഇതാണു നിരോധനത്തിനു പിന്നിലെന്നു നേതാക്കള്‍ വ്യക്തമാക്കി. ഐഎസ് അടക്കമുള്ള സംഘടനകളുമായി ബന്ധം ആരോപിച്ചാണു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ ഐഎസ് പോലുള്ള സംഘങ്ങളോട് യാതൊരാഭിമുഖ്യവും പുലര്‍ത്തരുതെന്നു പോപുലര്‍ഫ്രണ്ട് നേരത്തെ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.  പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ നിലപാടും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യത്തിലും മതേതരത്വത്തിലും മൗലികാവകാശങ്ങളിലും ഉറച്ചു വിശ്വസിക്കാവുന്ന സംഘടനയാണു പോപുലര്‍ ഫ്രണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു. നിരോധനം നീക്കുന്നതിനായി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it