Flash News

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊല: 11 പേര്‍ കുറ്റക്കാര്‍

രാംഗഡ്: ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ബിജെപി നേതാവടക്കം 11 പേര്‍ കുറ്റക്കാര്‍. രാജ്യത്ത് ആദ്യമായാണ് ഗോരക്ഷയുടെ പേരിലുള്ള ആക്രമണക്കേസില്‍ വിധി വരുന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 20ന് പ്രഖ്യാപിക്കും.
ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ മഹാതോ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. നിത്യാനന്ദയ്‌ക്കെതിരേ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മറ്റ് മൂന്നുപേര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് അന്‍സാരിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അന്‍സാരി സഞ്ചരിച്ച കാറില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ കാറും സംഘം അഗ്നിക്കിരയാക്കിയിരുന്നു. പോലിസ് ഇടപെട്ട് അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് അന്‍സാരിയെ കൊലപ്പെടുത്തിയത്. ഭജര്‍ദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിനു മുന്നില്‍ വണ്ടി തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.
കേസിലെ ഏക സാക്ഷിയും അന്‍സാരിയുടെ സഹോദരന്റെ ഭാര്യയുമായ ജുലേഖ കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ടിരുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം സാക്ഷി പറയാനെത്തിയ ജലീല്‍ അന്‍സാരിക്കൊപ്പം വന്നതായിരുന്നു ഇവര്‍. ജലീല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ കോടതിയില്‍ നിന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ മകന്‍ ഷഹ്‌സാദിന്റെ ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി ജുലേഖ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it