Sports

ജാര്‍ഖണ്ഡിനെ കേരളം 202ന് എറിഞ്ഞുവീഴ്ത്തി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി സി ഗ്രൂപ്പ് മല്‍സരത്തില്‍ എതിരാളികളായ ജാര്‍ഖണ്ഡിനെ കേരളം ആദ്യദിനം തന്നെ എറിഞ്ഞുവീഴ്ത്തി. 202 റണ്‍സിനാണ് കേരളം സന്ദര്‍ശകരെ കൂടാരത്തിലേക്ക് തിരിച്ചയച്ചത്. സൗരഭ് തിവാരി (75), പ്രകാശ് മുണ്ട (54), വരുണ്‍ ആരോണ്‍ (34) എന്നിവര്‍ മാത്രമേ ജാര്‍ഖണ്ഡ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യരും രണ്ടു വിക്കറ്റ് വീതം നേടിയ കെ എസ് മോനിഷും രോഹന്‍ പ്രേമുമാണ് കേരള ബൗളര്‍മാരില്‍ മിന്നിയത്. മറുപടി ബാറ്റിങില്‍ കളിനിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റിന് മൂന്നു റണ്‍സെന്ന നിലയിലാണ്. അക്ഷയ് കോടോത്താണ് (1) പുറത്തായത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം അവിസ്മരണീയമാക്കിക്കൊണ്ട് സന്ദീപ് ആദ്യ പന്തിലും അഞ്ചാമത്തെ പന്തിലും വിക്കറ്റ് പിഴുതു. ഇഷാന്ത് കിഷനെയും (0)  ഗൗതത്തിനെയും (0) പവിലിയനിലേക്ക് തിരിച്ചയച്ച്‌കൊണ്ടാണ് സന്ദീപ് കേരളത്തിന്റെ തുടക്കം ഉജ്ജ്വലമാക്കിയത്. മൂന്നാം വിക്കറ്റില്‍ തിവാരിയും (75) മുണ്ടയും (54) ചേര്‍ന്നതോടെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും ജാര്‍ഖണ്ഡ് രക്ഷപ്പെട്ടു. തിവാരി പരിക്കുപറ്റി പുറത്ത്‌പോയതിന് ശേഷം വന്ന ഇഷാന്ത് ജഗ്ഗിയുടെ (6) വിക്കറ്റും നഷ്ടപ്പെട്ട ജാര്‍ഖണ്ഡ് മൂന്നിന് 114 റ ണ്‍സെന്ന നിലയില്‍ നിന്നു ആറിന് 114 റണ്‍സിലേക്ക് കൂപ്പുകുത്തി. നേരത്തേ രാവിലെ ബിസിസിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു കളിക്കാരെ പരിചയപ്പെട്ടാണ് മല്‍സരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുമ്പായി അന്തരിച്ച ബിസിസിഐ മുന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയക്ക് ടീമംഗങ്ങളും ഒഫീഷ്യല്‍സും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it