Flash News

ജാമ്യം ലഭിച്ച ഹനീഫ മൗലവി വീട്ടിലെത്തി

ജാമ്യം ലഭിച്ച ഹനീഫ മൗലവി വീട്ടിലെത്തി
X
WYD_photo_haneefa_moulavi_w

ജംഷീര്‍  കൂളിവയല്‍

കല്‍പ്പറ്റ: നിങ്ങളെന്തിനാണ് എന്നെ ഇവിടെയെത്തിച്ചത്. കുടുംബത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ജയിലിലടയ്ക്കുന്നത്. ഏതു തരത്തിലുള്ള അന്വേഷണവും നടത്തിക്കോളൂ. തെറ്റുകാരനാണെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്നെ ശിക്ഷിച്ചോളൂ- താന്‍ ഇതിനുമുമ്പ് ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത മുംബൈ നഗരത്തിലെ ആര്‍തര്‍റോഡ്  സെന്‍ട്രല്‍ ജയിലിലെ അഴികളില്‍ മുഖം ചേര്‍ത്തുവച്ച് ഹനീഫ മനസ്സുകൊണ്ട് നൂറുവട്ടം ഉറക്കെ ചോദിച്ചിട്ടുണ്ട് ഈ ചോദ്യങ്ങള്‍. ഒടുവില്‍ അന്വേഷണസംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം ലഭിച്ച് വയനാട്ടിലെ കമ്പളക്കാട്ടെ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ''നീ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു ഹനീഫാ...'' എന്ന് അയല്‍വാസിയായ ഷിബു പറഞ്ഞപ്പോഴാണ് മുംബൈയിലെ ഇരുട്ടറയില്‍ നിന്നു താന്‍ മോചിതനായെന്ന് ബോധ്യം വന്നത്.പള്ളിയിലെ ഇമാമായ തന്നോട് നൂറുകണക്കിനാളുകള്‍ മതപരമായ സംശയങ്ങള്‍ ചോദിക്കാറുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറുമുണ്ട്. ഇങ്ങനെ സംശയങ്ങള്‍ ചോദിച്ചിരുന്നൊരു വിദ്യാര്‍ഥിയെ കാണാതായതിന്റെ പേരിലാണ് തന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടത്. തെറ്റു ചെയ്തിട്ടില്ലെന്ന് താന്‍ വിശ്വസിക്കുന്ന ദൈവത്തിനറിയാം. അന്വേഷണസംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്. കമ്പളക്കാട് തൊട്ടിമ്മല്‍ ഹംസയുടെയും ആസ്യയുടെയും മകന്‍ 27കാരനായ ഹനീഫയുടെ മുഖത്ത് ഇടയ്‌ക്കെപ്പോഴോ കൈവിട്ടുപോയെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചുതുടങ്ങിയതിന്റെ ആശ്വാസം. യുവാക്കളെ ഐഎസ് ആശയത്തിലേക്ക് ആകൃഷ്ടരാക്കിയെന്നാരോപിച്ചാണ് യുഎപിഎ പ്രകാരം ഹനീഫ മൗലവിക്കെതിരേ കേസെടുത്ത് ജയിലിലടച്ചത്. ദുരൂഹസാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി അഷ്ഫാഖിന്റെ പിതാവ് അബ്ദുല്‍ മജീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസ് നടപടി. എന്നാല്‍, ഹനീഫ മൗലവിക്കെതിരായ പരാതിയില്‍ തന്നെക്കൊണ്ട് പോലിസ് നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിച്ചതാണെന്നും പരാതി മുഴുവന്‍ വായിക്കാതെയാണ് ഒപ്പിട്ടതെന്നും മജീദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മകന് ഹനീഫ മൗലവി മതപഠനക്ലാസ് എടുത്തിരുന്നുവെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും ബാക്കിയെല്ലാം പോലിസ് എഴുതിയശേഷം നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിച്ചതാണെന്നുമാണ് മുംബൈയില്‍ ലോഡ്ജ് നടത്തുന്ന മജീദ് പറഞ്ഞത്. കഴിഞ്ഞ ആഗസ്ത് 13നാണ് ഹനീഫ മൗലവിയെ അറസ്റ്റ് ചെയ്തത്. കുടുംബത്തിന്റെയും തന്റെയും പ്രാര്‍ഥനകളും നിരവധിപേരുടെ ഇടപെടലുമാണ് തനിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്ന് ഹനീഫ പറയുന്നു. ഇതില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഇടപെടലാണ് തനിക്ക് മോചനത്തിന് വഴിതുറന്നത്. മൂന്നുമാസത്തോളം ജയിലില്‍ കഴിഞ്ഞിട്ടും ഒരു വക്കീലിനെ ഏര്‍പ്പാടാക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് പടന്നയിലെ ബി സി റഹ്മാന്‍ എന്നയാ ള്‍ ശ്രദ്ധയില്‍പ്പെടുത്തിയതനുസരിച്ച് ഇ ടി മുഹമ്മദ് ബഷീറിന്റെ ഇടപെടലിനെ തുടര്‍ന്ന് ശരീഫ് ശെയ്ഖ് എന്ന അഭിഭാഷകനെ ഏര്‍പ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് മൂന്നുമാസത്തിനു ശേഷമാണ് തനിക്ക് ഉമ്മയോടൊന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത്. കുടുംബത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന തന്റെ അഭ്യര്‍ഥന മാനിച്ച് മുംബൈ സിറ്റി സിവില്‍ ആന്റ് സെഷന്‍ കോര്‍ട്ട് സ്‌പെഷ്യല്‍ ജഡ്ജി വി വി പാട്ടീല്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് വളരെ മാന്യമായാണ് പെരുമാറിയതെന്ന് ഹനീഫ പറഞ്ഞു. ഉമ്മ ആസ്യക്കും ഭാര്യ ഹസീനയ്ക്കുമൊപ്പം കമ്പളക്കാട്ടെ രണ്ടു മുറി തറവാട്ടുവീട്ടിലാണ് താമസം. ഹസീന ഗര്‍ഭിണിയാണ്. കുറച്ചുകാലത്തേക്ക് വീട്ടില്‍ തന്നെ ഇരിക്കാനാണ് തീരുമാനം. തന്റെ ഏതു പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ സംശയത്തോടെ നിരീക്ഷിക്കപ്പെടുമെന്നറിയാം. അതുകൊണ്ടുതന്നെ തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് കോടതിയും ജയിലും അന്വേഷണവുമെല്ലാം ചേര്‍ന്ന് തളര്‍ത്തിയ മനസ്സുമായി ഹനീഫ പറയുന്നു.
Next Story

RELATED STORIES

Share it