Flash News

ജാമ്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നു

ജാമ്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നു
X


ന്യൂഡല്‍ഹി: വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്കു എളുപ്പത്തില്‍ ജാമ്യംലഭിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ (സി.ആര്‍.പി.സി) മാറ്റംവരുത്തുന്നു. ഇതു സംബന്ധിച്ച ശുപാര്‍ശ ദേശീയ നിയമ കമ്മിഷന്‍ തയ്യാറാക്കും. ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റത്തിനു വിചാരണനേരിടുന്നവര്‍ ഇതിനകം ശിക്ഷയുടെ മൂന്നിലൊന്നോ അതുമല്ലെങ്കില്‍ രണ്ടരവര്‍ഷമോ ജയിലില്‍കഴിഞ്ഞാല്‍ അത്തരക്കാര്‍ക്കു ജാമ്യംലഭിക്കണമെന്ന ശുപാര്‍ശയാണ് നിയമകമ്മീഷന്‍ മുന്നോട്ടു വയ്ക്കുക. ഇതിനായി സി.ആര്‍.പി.സി 436 എയില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവയ്ക്കുക.
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിലൊഴികെ ജാമ്യമില്ലാവകുപ്പു പ്രകാരമുള്ള കേസിലോ വാറണ്ട് സഹിതമല്ലാതെയോ അറസ്റ്റിലാവുന്നവര്‍ക്കു ജാമ്യം നല്‍കണമെന്നു നിര്‍ദേശിക്കുന്ന വകുപ്പാണ് സി.ആര്‍.പി.സി 436 എ.
ഭേദഗതിപ്രകാരം ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്ന വ്യവസ്ഥയോടെ സര്‍ക്കാരിന്റെ ഔദ്യോഗികതിരിച്ചറിയല്‍ രേഖകളായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ ഇത്തരക്കാര്‍ക്കു ജാമ്യത്തില്‍ പുറത്തിറങ്ങാം. ഇനി സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്ത തടവുകാരന്‍ ആണെങ്കില്‍ ആ പ്രദേശത്തുകാരനായ ഒരാളുടെ സ്വന്തംനിലയ്ക്കുള്ള ഉറപ്പിന്‍മേലും ജാമ്യംനല്‍കണമെന്ന വിധത്തിലാണ് കമ്മിഷന്‍ ഭേദഗതികൊണ്ടുവരുന്നത്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതല്ലാത്ത കുറ്റവാളികളെ അവരുടെ ശിക്ഷാകാലയളവിന്റെ പകുതികാലം കഴിഞ്ഞാല്‍ ജാമ്യംനല്‍കാമെന്നതാണ് നിയമം. റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മോചിപ്പിക്കണമെന്നും നിയമം പറയുന്നു. എന്നാല്‍ ഇതുപലപ്പോഴും പാലിക്കപ്പെടാറില്ല. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സി.ആര്‍.ബി)യുടെ കണക്കു പ്രകാരം രാജ്യത്തെ ജയില്‍ അന്തേവാസികളില്‍ മൂന്നില്‍രണ്ടുപേരും വിചാരണതടവുകാരാണ്. ഈ സാഹചര്യത്തില്‍ വിചാരണതടവുകാരുടെ ജാമ്യം എളുപ്പമാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലോ കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ജാമ്യനിയമം ലോ കമ്മിഷന്‍ തയ്യാറാക്കിയത്.
ജാമ്യനിയമം പരിഷ്‌കരിക്കുന്നതിനോട് ആദ്യം ലോ കമ്മിഷന്‍ വിമുഖത പുലര്‍ത്തിയിരുന്നുവെങ്കിലും അന്നത്തെ നിയമമന്ത്രിയായിരുന്നു ഡി.വി സദാനന്ദ ഗൗഡ, സാമ്പത്തികമായി നല്ലനിലയിലുള്ള തടവുകാര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാമ്യംലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും ജാമ്യം ഉറപ്പാക്കുന്ന തരത്തില്‍ ഭേദഗതി നിര്‍ദേശം കൊണ്ടുവരണമെന്നും കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it