kannur local

ജാഫറിന് മമ്മാക്കുന്ന് ഗ്രാമം വിട നല്‍കി

കാടാച്ചിറ: അബൂദബിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച മമ്മാക്കുന്ന് തെക്കെയില്‍ ഹൗസില്‍ ജാഫറിന്(34) ജന്മനാട് കണ്ണീരോടെ വിട നല്‍കി. യുവാവിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് സുഹൃത്തുക്കളും നാട്ടുകാരും ശ്രവിച്ചത്. അബൂദബിയിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജാഫര്‍. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നമസ്‌കരിക്കാനെത്തിയപ്പോള്‍ വീഴുകയായിരുന്നു.
തലയ്ക്ക് സാരമായ ക്ഷതമേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. നാട്ടിലെത്തിയാല്‍ ഗ്രാമത്തിലെ സജീവസാന്നിധ്യമായിരുന്നു ജാഫര്‍. മഹല്ല് പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി. പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകനായിരുന്ന ജാഫര്‍ സംഘടനാ രംഗത്തും തിളങ്ങി. വെള്ളിയാഴ്ച വൈകീട്ട് അബൂദബി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ നാട്ടിലെത്തിച്ച മയ്യിത്ത് മദ്‌റസാ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ നേതാക്കളായ സി കെ ഉമര്‍ മാസ്റ്റര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, അന്‍സാരി കാടാച്ചിറ, പോപുലര്‍ ഫ്രണ്ട് നേതാക്കളായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, അസ്ഫര്‍ മാസ്റ്റര്‍, മന്‍സൂര്‍ തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, പഞ്ചായത്ത് മെംബര്‍മാരായ നസീര്‍, വി കെ റസാഖ്, ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it