wayanad local

ജാനുവിന് പിന്തുണയില്ല: എതിര്‍ക്കാനില്ലെന്ന് ഊരുവികസന മുന്നണി; രാജി ആവശ്യപ്പെടും

കല്‍പ്പറ്റ: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഘടകകക്ഷിയാവാന്‍ ജെആര്‍എസ് എന്ന പേരില്‍ രാഷ്ര്ടീയപ്പാര്‍ട്ടി രൂപീകരിച്ച ജാനുവിനെ സുല്‍ത്താന്‍ ബത്തേരിയില്‍ പിന്തുണയ്ക്കില്ലെന്ന് ഊരുവികസന മുന്നണി. മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണച്ച് ജാനുവിനെതിരേ രംഗത്തുവരേണ്ടതില്ലെന്നും കോട്ടയം കടുത്തുരുത്തിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ജനാധിപത്യ ഊരുവികസന മുന്നണിയുടെ അധ്യക്ഷ പദവിയില്‍ നിന്നു സി കെ ജാനുവിന്റെ രാജി ആവശ്യപ്പെടും. ജനാധിപത്യ ഊരുവികസന സമിതിയുടെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. മുത്തങ്ങ സമരത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി പതിച്ചുകിട്ടാനും ആദിവാസി ഗ്രാമസഭാ നിയമം (പെസ) നടപ്പാക്കാനും നില്‍പ്പുസമരത്തിലൂടെ നേടിയ വിജയം യഥാര്‍ഥ്യമാക്കി മാറ്റാന്‍ ഗോത്രമഹാസഭയുടെ ഊരുകൂട്ടങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുമുള്ള പ്രവര്‍ത്തനം നടത്താന്‍ ജനാധിപത്യ ഊരുവികസന മുന്നണി തീരുമാനിച്ചു. സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നതെങ്കിലും ഗോത്രമഹാസഭയുടെ പിന്തുണയുണ്ടെന്നു വ്യാജപ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. കേരളത്തിലെ ആദിവാസി ഊരുകൂട്ടങ്ങളുടെ ഫെഡറല്‍ പ്ലാറ്റ് ഫോമായ ഗോത്രമഹാസഭയുടെ ഏതെങ്കിലും തലത്തിലുള്ള കമ്മിറ്റി ചേര്‍ന്ന് ജാനുവിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. ഗോത്രമഹാസഭയുടെ സംസ്ഥാന തലത്തിലുള്ള യാതൊരുവിധ യോഗവും ഇതുവരെ ചേര്‍ന്നിട്ടില്ല. ജാനുവിന്റെ പുതിയ പാര്‍ട്ടി രൂപീകരണം മാത്രമാണ് നടന്നത്. അതിന്റെ സമിതിയില്‍ സി കെ ജാനുവല്ലാതെ പ്രധാന പ്രവര്‍ത്തകര്‍ പോലുമില്ല. ഗോത്രമഹാസഭയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ സി കെ ജാനുവിനു വേണ്ടി ഊരുകളില്‍ പ്രചാരണം നടത്തിയാല്‍ മറ്റു രാഷ്ര്ടീയപ്പാര്‍ട്ടികളും ഊരുകൂട്ടങ്ങളെ വിഭജിക്കാന്‍ മല്‍സരരംഗത്തു വരും. ഇത് ഗോത്രമഹാസഭയെ ശിഥിലീകരണത്തിലെത്തിക്കും. ആയതിനാല്‍ ഗോത്രമഹാസഭ സ്വതന്ത്ര നിലപാട് സ്വീകരിക്കാനും ഭൂമിക്കും ആദിവാസി സ്വയംഭരണത്തിനുള്ള പ്രക്ഷോഭ പരിപാടി മുന്നോട്ടുകൊണ്ടുപോവാനും ഊരുകൂട്ടങ്ങളുടെ ഐക്യം ഉറപ്പുവരുത്താനുള്ള കാംപയിന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പെസ നിയമത്തെക്കുറിച്ചുള്ള ക്യാംപുകള്‍ പോക്‌സോ നിയമത്തിന്റെ പേരില്‍ ആദിവാസികളെ ജയിലിലടച്ചതിനെതിരായ പൗരാവകാശ കാംപയിന്‍, മദ്യവിരുദ്ധ കാംപയിന്‍ എന്നിവ തുടരാനും ജനാധിപത്യ ഊരുവികസന മുന്നണി സംസ്ഥാന യോഗം തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it